പാലക്കാട്: വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സാര്‍, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം അനുകരണനീയമായ തീരുമാനത്തിലേക്ക് കടക്കുന്നത്.
ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക ഭാഷയില്‍ മാറ്റം വരുത്തിയുള്ള ഈ ചരിത്ര തീരുമാനമെടുത്തത്. കൊളോണിയല്‍ അധിനിവേശത്തിന്റെ ശേഷിപ്പുകളാണ് സാര്‍, മാഡം തുടങ്ങിയ വിശേഷണങ്ങളെന്ന് പഞ്ചായത്ത് വിലയിരുത്തി. ‘ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 75 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ജനാധിപത്യ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള ആധിപത്യം കാണിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു’, പ്രമേയം അവതരിപ്പിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് പ്രസാദ് പറഞ്ഞു.
പലപല ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫിസിലെത്തുന്നവര്‍ ജീവനക്കാരെ സാര്‍, മാഡം എന്നിങ്ങനെ വിളിക്കേണ്ടതില്ല. പകരം ഇവരുടെ സ്ഥാനപ്പേരോ പേരോ പറഞ്ഞ് അഭിസംബോധന ചെയ്താല്‍ മതി. എല്ലാ ഉദ്യോഗസ്ഥരുടെയും പേര് അവരുടെ സ്ഥാനപ്പേരിനൊപ്പം പ്രദര്‍ശിപ്പിക്കുമെന്നും മാത്തൂര്‍ പഞ്ചായത്ത് അറിയിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥരെ പേര് വിളിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നുവര്‍ക്ക് ചേട്ടാ, ചേച്ചീ എന്നീ സൗഹൃദപരമായ വാക്കുകള്‍ ഉപയോഗിക്കാം. സാര്‍, മാഡം എന്നിവയ്ക്ക് പകരം ഉപയോഗിക്കാവുന്ന വാക്കുകള്‍ എന്തൊക്കെയാണെന്ന് ഔദ്യോഗിക ഭാഷാ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചായത്ത്.
കൂടാതെ, കത്തുകളിലെ ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ത്ഥിക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങളും ഉപേക്ഷിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇവയ്ക്ക് പകരമായി, ‘അവകാശപ്പെടുന്നു’ എന്നോ ‘താല്പര്യപ്പെടുന്നു’ എന്നോ ഉപയോഗിച്ചാല്‍ മതി.
നിരോധിച്ച ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ എതെങ്കിലും ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചാല്‍ ജനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാം എന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ പതിപ്പിക്കും.
‘ജനാധിപത്യ സംവിധാനത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളെ സേവിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ജനങ്ങളാണ് ഈ വ്യവസ്ഥിതിയില്‍ സര്‍വ്വാധികാരികള്‍. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ യാചിക്കേണ്ടതില്ല’, പി.ആര് പ്രസാദ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരുടെയും താല്പര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനുള്ളതിന്റെ ആദ്യപടിയാണിതെന്ന് മാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരനും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കൗണ്‍സില്‍ ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.