‘ഭാഗ്യം, അവന് സെല്‍ഫ് ഗോളെന്തെന്ന് അറിയില്ല’; സ്വന്തം വലയില്‍ താന്‍ പന്തടിച്ചുകയറ്റുന്നത് കണ്ട് മകന്‍ ആഹ്ലാദിച്ചെന്ന് മാറ്റ്‌സ് ഹമ്മല്‍സ്

യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മനി പരാജയപ്പെട്ടത്. ഫ്രാന്‍സും പോര്‍ച്ചുഗലും ഹംഗറിയുമടങ്ങുന്ന മരണഗ്രൂപ്പില്‍ ജയം അനിവാര്യമായിരിക്കെ ആദ്യമത്സരത്തില്‍ തോറ്റത് മുന്‍ ലോകകപ്പ് ജേതാക്കളുടെ മുന്നോട്ട് പോക്ക് സങ്കീര്‍ണമാക്കി. സെല്‍ഫ് ഗോളിന് കാരണക്കാരനായതോടെ ജര്‍മനിയുടെ വിശ്വസ്ത ഡിഫന്‍ഡര്‍ മാറ്റ്‌സ് ഹമ്മല്‍സ് ദുരന്തനായകനുമായി. കളി കാണുകയായിരുന്ന തന്റെ മൂന്ന് വയസുകാരനായ മകന്‍ ലുഡ്വിഗ് സെല്‍ഫ് ഗോള്‍ കണ്ട് ആഘോഷിച്ചെന്ന് ഹമ്മല്‍സ് പറയുന്നു.

ഭാഗ്യം, അവനിത് വരെ സെല്‍ഫ് ഗോള്‍ എന്താണെന്ന് അറിയില്ല. വലയില്‍ കയറുന്ന പന്ത് എല്ലായ്‌പ്പോഴും ശരിയാണെന്നാണ് അവന്‍ കരുതുന്നത്.

മാറ്റ്‌സ് ഹമ്മല്‍സ്

അവന്‍ അത് കണ്ട് ആഘോഷിച്ചു. സെല്‍ഫ് ഗോളിനേക്കുറിച്ച് മകനെ പറഞ്ഞ് മനസിലാക്കേണ്ടി വരുമെന്നും ഹമ്മല്‍സ് പ്രതികരിച്ചു.

മ്യൂണിക് അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 20-ാം മിനുട്ടിലാണ് ആതിഥേയര്‍ അപ്രതീക്ഷിത ഗോള്‍ വഴങ്ങിയത്. ഫ്രാന്‍സ് മുന്നേറ്റ നിരയുടെ ആക്രമണങ്ങള്‍ ചെറുക്കുന്നതിനിടെ എംബപ്പെയെ ലക്ഷ്യമാക്കി ജര്‍മന്‍ ബോക്‌സിലേക്ക് പോള്‍ പോഗ്ബയുടെ ക്രോസ് എത്തി. എളുപ്പത്തില്‍ ടാപ് ഇന്‍ ചെയ്യാന്‍ നിന്ന എംബപ്പെയ്ക്ക് പന്ത് കിട്ടാതിരിക്കാന്‍ ഹമ്മല്‍സ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. പോസ്റ്റിനുള്ളിലേക്ക് വന്ന പന്ത് തടയാന്‍ നൂയര്‍ നോക്കിയെങ്കിലും വിരലുകള്‍ക്ക് മുകളിലൂടെ ബോള്‍ വലയില്‍ കയറി. തിരിച്ചടിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ജര്‍മനിക്ക് സെല്‍ഫ് ഗോള്‍ മറി കടക്കാന്‍ കഴിഞ്ഞില്ല.

കളി തോറ്റെങ്കിലും തന്റെ സെന്‍ട്രല്‍ ഡിഫന്‍ഡറെ ജര്‍മ്മന്‍ പരിശീലകന്‍ ജൊവാക്കിം ലവ് തള്ളിപ്പറഞ്ഞില്ല. ആ ഗോളിന്റെ പേരില്‍ മാറ്റ്‌സിനെ കുറ്റപ്പെടുത്തില്ലെന്നും ക്ലിയര്‍ ചെയ്യാന്‍ ദുഷ്‌കരമായ പന്തായിരുന്നു അതെന്നും ലവ് ചൂണ്ടിക്കാട്ടി.

ഈ യൂറോയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുന്നേയുണ്ടാകുന്ന മൂന്നാമത്തെ സെല്‍ഫ് ഗോളാണ് ഹമ്മല്‍സിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. പോളിഷ് ഗോള്‍കീപ്പര്‍ വോയ്‌ജെ ഷ്ടെയ്‌സ്‌നിയും തുര്‍ക്കിയുടെ തുര്‍ക്കിയുടെ മെറീഹ് ഡീമിറലുമാണ് മറ്റ് രണ്ട് ഹതഭാഗ്യര്‍. 2016 യൂറോയില്‍ ആകെ മൂന്ന് സെല്‍ഫ് ഗോളുകളാണുണ്ടായിരുന്നത്.