‘പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് നിര്‍ണായകമായ ഒരു ഇടമുണ്ട്’; സ്പീക്കര്‍ എംബി രാജേഷ്

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തങ്ങളുടെ വാദമുഖങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണ് നിയമസഭയെന്നും എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും സ്പീക്കറായി ചുമതലയേറ്റെടുത്ത എംബി രാജേഷ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് വളരെ നിര്‍ണായകമായ ഒരു ഇടമുണ്ട്. വിയോജിപ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും രാജേഷ് പറഞ്ഞു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസറ്റ് ഇങ്ങനെ;

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഇന്ന് ചുമതലയേറ്റു. കേരള നിയമസഭയുടെ ചരിത്രത്തിലെ 23-ാമത് സ്പീക്കറാണ്. ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന ശ്രീ ആര്‍ ശങ്കരനാരായണന്‍ തമ്പി മുതലുള്ള മുന്‍ഗാമികളെയും മഹാനായ ഇ എം എസ് മുതലുള്ള സഭാനേതാക്കളെയും ആദരവോടെ ഓര്‍ക്കുന്നു. ആധുനിക കേരളത്തിന്റെ നിര്‍മിതിക്കായുള്ള സംവാദങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയ മുന്‍ നിയമസഭാംഗങ്ങളെയും ഓര്‍ക്കുന്നു. എന്നെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത തൃത്താലയിലെ ജനങ്ങളോടും എന്നെ പുതിയ ചുമതലകളിലേക്ക് നിയോഗിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുമുള്ള നന്ദിയും അറിയിക്കുന്നു. പൂര്‍ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിനോടും വിവിധ കക്ഷിനേതാക്കളോടുമുള്ള നന്ദിയും രേഖപ്പെടുത്തുന്നു.

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീ പിസി വിഷ്ണുനാഥ് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനകാലം മുതല്‍ എന്റെ സുഹൃത്താണ്. സമകാലികരാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം എന്നെ വന്നു കാണുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നത് ഏറെ സന്തോഷം തരുന്നു.

കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ നിയമസഭ കടന്നുവന്നിട്ടുള്ളത്. കേരളത്തിന്റെ വയലേലകളും പണിശാലകളിലും തെരുവുകളിലും ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയും ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും അവയുടെ മുദ്രാവാക്യങ്ങളുടെയും സാക്ഷാത്കാരം ഉണ്ടായ ജനാധിപത്യവേദിയാണ് കേരള നിയമസഭ. കേരളത്തെ മാറ്റിത്തീര്‍ത്ത അനവധി നിയമനിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നിയമസഭയാണിത്. പുതിയ കാലത്തിന്റെ, മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഇനിയും കേരളത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. അതിനായുള്ള സുപ്രധാനമായ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും ഈ സഭയില്‍ നടക്കുമെന്നും അത് രാജ്യത്തിനാകെ മാതൃകയാകുമെന്നും പ്രതീക്ഷിക്കുന്നു. അതിനു സഹായകമാകും വിധം സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തും.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തങ്ങളുടെ വാദമുഖങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണ് നിയമസഭ. എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി ശ്രമിക്കും ഗവണ്മെന്റിന്റെ ബിസിനസ് നടത്തിയെടുക്കാനും സ്പീക്കര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് വളരെ നിര്‍ണായകമായ ഒരു ഇടമുണ്ട്. ഈ രണ്ടു വസ്തുതകളും കണക്കിലെടുത്തുകൊണ്ടായിരിക്കും സ്പീക്കര്‍ പ്രവര്‍ത്തിക്കുക. വിയോജിപ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ വ്യത്യസ്ത ആശയങ്ങളുടെ ആരോഗ്യകരമായ സംവാദവേദിയെന്ന നിലയിലാണ് നിയമസഭയെ കാണുന്നത്. കേരള നിയമസഭക്ക് രാജ്യത്തുള്ള അംഗീകാരവും മഹിമയും നിലനിര്‍ത്താനും കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും പരമാവധി പരിശ്രമിക്കും. അതിനു സാമാജികരുടെയും ജനങ്ങളുടെയും പിന്തുണയും സഹകരണവും ഞാന്‍ പ്രതീക്ഷിക്കുന്നു.