സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടുണ്ടോ? സ്പീക്കര്‍ രാഷ്ട്രീയം പറയാമോ?; എംബി രാജേഷ് പറയുന്നു

തിരുവനനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എംഹി രാജേഷിന്റെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ വിമര്‍ശനങ്ങളിലേക്ക് നയിച്ചിരുന്നു. ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് സഭയിലെ ആദ്യ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുകയും കക്ഷി രാഷ്ട്രീയം പറയും എന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായാ സ്പീക്കര്‍ മറുപടി നല്‍കുകയും ചെയ്തികരുന്നു. ഇതിന് പിന്നാലെ അരാഷ്ട്രീയമായ ഒരു വ്യവഹാരവുമില്ലെന്ന് വ്യക്തമാക്കുകയാണ് എംബി രാജേഷ്. വിശാലമായ അര്‍ഥത്തിലാണ് താന്‍ രാഷ്ട്രീയത്തെ കാണുന്നതെന്നും എംബി രാജേഷ് പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടുണ്ടോ? സ്പീക്കര്‍ രാഷ്ട്രീയം പറയാമോ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ ജീവിതവ്യവഹാരങ്ങള്‍ ഏതും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായ ഒരു വ്യവഹാരവുമില്ല. നാം മതനിരപേക്ഷതയെക്കുറിച്ചു പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയെക്കുറിച്ച് പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയാണ് ഇന്ത്യയിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ രാഷ്ട്രീയരേഖ. അതുതന്നെ, ഒരു രാഷ്ട്രീയസമരത്തിന്റെ ഉല്‍പന്നമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഒരു രാഷ്ട്രീയസമരമായിരുന്നില്ലേ? രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു’.

‘ആ സമരത്തില്‍നിന്നാണ് ഭരണഘടന ഉണ്ടാവുന്നത്. ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പം ഉണ്ടാവുന്നത്. ഭരണഘടന ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. അവ രാഷ്ട്രീയ അവകാശങ്ങള്‍ കൂടിയാണ്. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക അവകാശങ്ങളാണ്. അപ്പോള്‍, ഏതാണ് രാഷ്ട്രീയമല്ലാത്തത്? ഇങ്ങനെ, വിശാലമായ അര്‍ഥത്തിലാണ് ഞാന്‍ രാഷ്ട്രീയത്തെ കാണുന്നത്’, എംബി രാജേഷ് വിശദീകരിച്ചു.

എംബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ സഭയിലെ ആദ്യ പ്രസംഗത്തിലാണ് വിഡി സതീശന്‍ വിമര്‍ശനമുന്നയിച്ചത്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന എംബി രാജേഷിന്റെ പസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് കക്ഷി രാഷ്ട്രീയം പുറയില്ലെന്നും സഭയ്ക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും രാജേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്പീക്കറുടെ മറുപടിയെ പ്രതിപക്ഷ നേതാവ് കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു.