‘സവര്‍ണര്‍ ചോറൂണ് തടഞ്ഞു, പക്ഷെ അച്ഛനോട് തോറ്റു’; വൈക്കം ക്ഷേത്രത്തില്‍ ആദ്യം ചോറുണ്ട പിന്നാക്ക കുട്ടികള്‍ താനും സഹോദരനുമെന്ന് വെള്ളാപ്പള്ളി

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചോറൂണ് നടത്തിയ പിന്നോക്ക വിഭാഗക്കാരന്‍ തന്റെ പിതാവ് വെള്ളാപ്പള്ളി കേശവനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനും സഹോദരന്‍ നടരാജനുമാണ് വൈക്കം ക്ഷേത്രത്തില്‍ ആദ്യമായി ചോറുണ്ട പിന്നോക്ക ജാതിക്കാരെന്ന് 84കാരന്‍ പറഞ്ഞു. ഒരു ആണ്‍കുട്ടി കൂടി വേണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് പ്രാര്‍ത്ഥിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ചോറൂട്ട് നേര്‍ന്നാല്‍ ഇഷ്ട സന്താനലബ്ധിയുണ്ടാകുമെന്ന് ആരോ അമ്മ ദേവകിയമ്മയോട് പറഞ്ഞു. എന്തായാലും അങ്ങനെത്തന്നെ സംഭവിച്ചു. താനും ഇരട്ട സഹോദരനുമുള്‍പ്പെടെ രണ്ട് ആണ്‍ മക്കള്‍ പിറന്നു. പക്ഷെ, വൈക്കം ക്ഷേത്രത്തില്‍ ചോറൂണ് നടത്താന്‍ സവര്‍ണര്‍ ആദ്യം സമ്മതിച്ചില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി സെക്രട്ടറിയായി കാല്‍ നൂറ്റാണ്ട് തികയ്ക്കുന്നതിന്റേയും ജന്മശതാഭിഷേകം ആഘോഷിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

അച്ഛന്‍ തന്റേടിയും ആള്‍ബലവുമുള്ളയാളായിരുന്നു. അച്ഛന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ സവര്‍ണര്‍ക്ക് വഴങ്ങേണ്ടി വന്നു.

വെള്ളാപ്പള്ളി നടേശന്‍

പിന്നോക്ക സമുദായത്തിലെ രണ്ട് കുട്ടികള്‍ ആദ്യമായി അവിടെ ഊട്ടുപുരയില്‍ ചോറുണ്ടു. ഞങ്ങള്‍ക്ക് പേരിട്ടപ്പോള്‍ ശിവന്റെ പര്യായങ്ങളെടുത്തു. വൈക്കത്തപ്പന്‍ അന്നദാന പ്രഭുവാണ്. ഇന്നുവരെ ഭക്ഷണത്തിന് ബുദ്ധിമുട്ട് വന്നിട്ടില്ല. ഒന്നേകാലം ലക്ഷം നാളികേരം കിട്ടുന്ന കുടുംബത്തിലാണ് ജനിച്ചത്. 56-ാം വയസില്‍ അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് എല്ലാം നോക്കി നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മനസില്‍ സവര്‍ണതയുള്ളതുകൊണ്ടാണ് കേരളത്തില്‍ ബിജെപി മെച്ചപ്പെടാത്തതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ അവര്‍ രക്ഷപ്പെടണമെങ്കില്‍ നയം മാറണം. സവര്‍ണതയാണ് മനസിലുള്ളത്. ഹിന്ദുക്കളെ ഒരുമിച്ച് നിര്‍ത്തണമെന്ന് മോഡിയും അമിത് ഷായും എത്ര തവണ പറഞ്ഞിട്ടും ഇവര്‍ കേള്‍ക്കുന്നില്ല. ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിന് അന്നും ഇന്നും എതിരാണ്. സാമൂഹിക നീതിക്കായി ഒരു പാര്‍ട്ടിയുണ്ടാക്കണമെന്ന് കുറേപ്പേര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘നിങ്ങളുണ്ടാക്കിക്കോ, ഞാനുണ്ടാകില്ല’ എന്നാണ് പറഞ്ഞത്. ബിഡിജെഎസ് വന്നത് യോഗത്തിന്റെ നേതൃത്വത്തിലല്ല. സമത്വമുന്നേറ്റ യാത്രയില്‍ മുസ്ലീമും ക്രിസ്ത്യാനിയും നായരുമുണ്ടായിരുന്നു. ബിഡിജെഎസ് പിന്നീട് ബിജെപിയുമായി ഐക്യമുണ്ടാക്കി. അവര് പറഞ്ഞതുപോലെ ഒന്നും ചെയ്തുകൊടുത്തില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Also Read: ‘ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചതില്‍ ഭരണകൂട ഇടപെടലുണ്ട്’; കോണ്‍ഗ്രസിന്റെ എതിരാളി സിപിഐഎം-ബിജെപി കൂട്ടുകെട്ടെന്ന് കെ സുധാകരന്‍