മാധ്യമ വിമര്‍ശനം അഥവാ ഒരു ‘വിപ്പിങ് ബോയ്’ അനുഭൂതി

പറഞ്ഞുപഴകിയ കഥയും ഉപയോഗിച്ച് തേഞ്ഞ പ്രയോഗവുമാണ് : വിപ്പിങ് ബോയ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലെ പ്രഭു കുടുംബങ്ങളില്‍ ഒരു ബാലശിക്ഷണ രീതിയുണ്ടായിരുന്നു. പ്രഭു കുടുംബങ്ങളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനേയും സദ്ഗുണ സമ്പന്നനായി വളര്‍ത്തണം. അതിന് അവന്റെ/ അവളുടെ ചെറിയ ചെറിയ തെറ്റുകള്‍ക്കുപോലും ശിക്ഷിക്കണം. പക്ഷേ, ആ കുഞ്ഞുങ്ങള്‍ക്ക് വേദനിച്ചുകൂടാ. കാരണം, അവര്‍ രാജരക്തത്തില്‍ പിറന്നവരാണ്. അതുകൊണ്ട്, പ്രഭുകുമാരന്മാര്‍/ കുമാരിമാര്‍ ചെയ്യുന്ന ഓരോ തെറ്റിനും ശിക്ഷ ഏറ്റുവാങ്ങാനായി അധ:സ്ഥിത ജന്മത്തില്‍ പിറന്ന ഒരു കുഞ്ഞിനെ കൂടെ വളര്‍ത്തും. അവര്‍ അടികൊണ്ട് പുളയുന്നതുകണ്ട് മറ്റേ കുമാരന്മാര്‍ക്ക് മനസ്താപമുണ്ടായി, നല്ല കുട്ടികളായി വളരണം.

ഈ ദണ്ഡന മുറ ഇംഗ്ലണ്ടിന് ഒരുപാട് നല്ല പ്രഭുക്കന്മാരെ സംഭാവന ചെയ്തിട്ടുണ്ടാവാം. അവര്‍ക്കുവേണ്ടി വേദനിച്ച കുഞ്ഞുങ്ങളില്‍ പലരും പിന്നീട് അവരുടെ ജീവതം എഴുതി കടം തീര്‍ത്തു.

കേരളത്തിലെ സെമിനാര്‍ ഹാളുകളിലും കവലകളിലും ഇപ്പോള്‍ മലയാളത്തിലെ സാമൂഹിക മാധ്യമങ്ങളുടെ ചുവരുകളിലും കാണുന്ന മാധ്യമ വിമര്‍ശനത്തിന്റെ തിരതള്ളല്‍ കാണുമ്പോള്‍ ‘വിപ്പിങ് ബോയ്’ അനുഭൂതിയാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നാറ്. രാഷ്ട്രീയത്തിലെയും അധികാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റിടങ്ങളിലേയും പ്രഭുക്കന്മാരുടെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ പ്രഹരം ഏറ്റുവാങ്ങുന്ന വെറും തൂണുകള്‍.

ദേശീയ തലത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മാധ്യമങ്ങളെയാകെ രാഷ്ട്രീയനേതൃത്വം കീഴ്‌പ്പെടുത്തിയത് എങ്ങനെയെന്ന് നാം കണ്ടു. ചങ്ങാതിമാരായ കോര്‍പറേറ്റുകളുടെ പിന്തുണയോടെ മാധ്യമങ്ങളുടെ ഉടമസ്ഥത പിടിച്ചടക്കിക്കൊണ്ടാണ് നല്ലൊരു വിഭാഗം മാധ്യമങ്ങളെയും നിശബ്ദരാക്കിയത്. നെറ്റ് വര്‍ക്ക്-18ന് കീഴിലുണ്ടായിരുന്ന ഡസന്‍ കണക്കിന് ചാനലുകളെയും അനുബന്ധ സ്ഥാപനങ്ങളെയും റിലയന്‍സിനെ ഉപയോഗിച്ച് വരുതിയിലാക്കി. എളുപ്പത്തില്‍ വഴങ്ങാത്ത സ്ഥാപനങ്ങള്‍ക്കു മേല്‍ നികുതിയുടെയും നിയമനടപടികളുടെയും കുരുക്കിട്ട് കീഴ്‌പ്പെടുത്തി. രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്ക് വിധേയപ്പെടാത്ത ജേണലിസ്റ്റുകളുടെ സംഘങ്ങളെ പലരീതിയില്‍ പുകച്ചുപുറത്താക്കി.

എന്നാല്‍, ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കും മാരണ നടപടികള്‍ക്കുമിടയിലും ജേണലിസം എന്ന പ്രൊഫഷന്‍ അതിന്റെ എല്ലാ ശക്തിയോടെയും നിലനിന്ന കാലംകൂടിയായിരുന്നു നരേന്ദ്രമോഡിയുടെ ഭരണകാലം. വന്‍കിട മാധ്യമങ്ങള്‍ അധികാരത്തിന് മുമ്പില്‍ തൊഴുകൈയ്യുമായി നില്‍ക്കുമ്പോള്‍ത്തന്നെ, മാധ്യമ പ്രവര്‍ത്തനത്തെ തങ്ങളുടെ മതമായി സ്വീകരിച്ച ധീരരായ ചിലര്‍ ഉയര്‍ന്നുവന്നു. നവമാധ്യമം എന്ന് നാം വിളിക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങള്‍ അത്തരക്കാര്‍ക്ക് കരുത്തായി. റഫാല്‍ ഇടപാട്, ജഡ്ജ് ലോയയുടെ മരണം, അമിത് ഷായുടെ മകന്റെ അവിഹിത വളര്‍ച്ച തുടങ്ങി, ഭരണകൂടത്തിന്റെയും അതിന്റെ ഓരത്ത് നില്‍ക്കുന്നവരുടെയും അത്യാചാരങ്ങള്‍ വിളിച്ചുപറയാനുണ്ടായത് പുതിയ മാധ്യമങ്ങളാണ്.

എന്നാല്‍, ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഏത് ചര്‍ച്ചയ്ക്കിടയിലും മാധ്യമ പ്രവര്‍ത്തകര്‍ എളുപ്പം പ്രതിസ്ഥാനത്തേക്ക് നിര്‍ത്തപ്പെടും. എല്ലാ അധിക്ഷേപങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയാവുന്നത് മാധ്യമപ്രവര്‍ത്തകര്‍. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പാര്‍ട്ടിയിലെ ആള്‍ക്കാരോടുള്ളതിലും വലിയ വിദ്വേഷമാണ് മാധ്യമപ്രവര്‍ത്തകരോട്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഓഡിറ്റ് ചെയ്യാനെടുക്കുന്നതിന്റെ പത്തിലൊന്ന് പ്രയത്‌നമെടുത്ത് സ്വന്തം നേതാക്കളെ അളക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല.

കേരളത്തിലേക്ക് വന്നാലും ഇതുതന്നൊണ് അവസ്ഥ. എഡിറ്റോറിയല്‍ ജഡ്ജുമെന്റിന്റെ പേരില്‍ ഞാന്‍ ഏറ്റവും അധിക്ഷേപങ്ങള്‍ കേട്ടത് ഇന്ത്യാവിഷനിലെ മുല്ലപ്പെരിയാര്‍ കവറേജിന്റെ പുറത്താണ്. ഒരിക്കലും പൊട്ടാത്ത മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയെന്ന് ഇപ്പോഴും മാധ്യമങ്ങള്‍ പഴികേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, ആ അണക്കെട്ടിന് ശാസ്ത്രീയമായി കല്‍പിക്കപ്പെട്ട ആയുസ് പിന്നിട്ട് അരനൂറ്റാണ്ട് കഴിഞ്ഞ കാര്യം എപ്പോഴും വിസ്മരിക്കപ്പെടുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്രജ്ഞരുടെ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ത്തന്നെയാണ് ഡാമിന്റെ ഉള്‍ഭാഗം പൊള്ളയാണെന്ന് പറഞ്ഞതെന്ന കാര്യം മറന്നുപോകുന്നു. ഡാം പൊട്ടുമെന്നും പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കബന്ധങ്ങള്‍ ഒഴുകി നടക്കുമെന്നും പറഞ്ഞ വിഎസിനെ നാം എളുപ്പം കുറ്റമുക്തനാക്കുന്നു. ഡാം പൊട്ടിയൊഴുകുമ്പോള്‍ എകെ ആന്റണിയുടെ ചേര്‍ത്തലയും കെഎം മാണിയുടെ പാലായും കുത്തിയൊലിച്ച് പോകുന്നതോര്‍ത്ത് തനിക്ക് ഉറക്കം വരുന്നില്ലെന്ന് മന്ത്രിസ്ഥാനത്തിരുന്ന് പറഞ്ഞ പിജെ ജോസഫിനെ നാം വെറുതെ വിടുന്നു. ഡാം പണിതേ തീരൂ എന്ന വാശിയില്‍ ഇരുപതിലധികം തവണ മുല്ലപ്പെരിയാറിലേക്ക് മാധ്യമ-ഉദ്യോഗസ്ഥ സംഘത്തെ നയിച്ച മന്ത്രി ടിഎം ജേക്കബിനെ നാം മറക്കുന്നു. നമുക്ക് പഴിപറയാന്‍ കുറച്ച് മാധ്യമങ്ങള്‍ മാത്രം മതി. അവരാണ് വിപ്പിങ് ബോയ്‌സ്. മറ്റുള്ളവര്‍ പ്രഭു കുമാരന്മാരാണ്. അവര്‍ക്ക് വേദനിച്ചുകൂടാ!

തങ്ങളുടെ മാധ്യമങ്ങളെക്കുറിച്ച് ഇത്രയധികം ആകുലതകളുള്ള മറ്റൊരു ഭാഷാസമൂഹം വേറെയുണ്ടാവില്ല, മലയാളികളെപ്പോലെ. ഈ ആകുലത ഒരു സമൂഹമെന്ന നിലയിലുള്ള ആരോഗ്യലക്ഷണവുമാണ്. ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങള്‍ പുലര്‍ത്തുന്ന ലോകത്തെ എല്ലാ ജനസമൂഹങ്ങളും ഇങ്ങനെയാണ്. വാര്‍ത്തകളറിയാന്‍ ഞങ്ങള്‍ക്ക് പത്രങ്ങള്‍ തരൂ എന്ന് പറയുന്നവര്‍ തന്നെ ജനവിരുദ്ധ മാധ്യമങ്ങള്‍ പെരുകുമ്പോള്‍, വാര്‍ത്തകള്‍ കള്ളങ്ങള്‍ക്കൊണ്ട് നിറയുമ്പോള്‍, അവയെ തള്ളിപ്പറയുകയും മുഖത്തുനിന്ന് പത്രങ്ങള്‍ മാറ്റിപ്പിടിക്കൂ ഞങ്ങള്‍ സത്യമറിയട്ടെ എന്ന് പറയുകയും ചെയ്യും. പക്ഷേ, അവരൊരിക്കലും തങ്ങളുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അപ്രമാദിത്വവും ഇമ്മ്യൂണിറ്റിയും കല്‍പിച്ചുകൊടുക്കാറില്ല.

ഇത് മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള വക്കാലത്തല്ല. മാധ്യമ സാക്ഷരതയും അതില്‍നിന്നുണ്ടാവുന്ന ദയാരഹിതമായ മാധ്യമ വിമര്‍ശനവും ഒരു ജനാധിപത്യ സമൂഹത്തിന് വേണ്ടതാണ്, അനിവാര്യമാണ്. എന്നാല്‍, അത് രാഷ്ട്രീയമായ നിരക്ഷരതയില്‍ നിന്നോ സ്വന്തം നേതാക്കളോടുളള മാനസികാടിമത്തത്തില്‍ നിന്നോ ഉണ്ടാകേണ്ടതല്ല.