കരണ്‍ ഥാപ്പര്‍, ജാവേദ് അക്തര്‍, അശുതോഷ് എന്നിവരും പവാര്‍ വസതിയിലെ യോഗത്തില്‍; പ്രതിപക്ഷ സഖ്യത്തിനുള്ള ആദ്യ ശ്രമമാവാമെന്ന് ശിവസേന

ന്യൂദല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മുന്‍ ബിജെപി നേതാവും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് ശരദ് പവാറിന്റെ വസതിയിലാണ് യോഗം.

ബിജെപിക്കെതിരെ മൂന്നാം മുന്നണി യോഗമെന്ന നിലക്കാണ് യോഗം എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച പ്രഖ്യാപിച്ചത് എന്നതായിരുന്നു ഇങ്ങനെ ഒരു വ്യാഖ്യാനം വരാനുണ്ടായ കാരണം. എന്നാല്‍ മൂന്നാം മുന്നണി യോഗമല്ല ഇന്ന് നടക്കുന്നതെന്ന് പവാറും യശ്വന്ത് സിന്‍ഹയും തന്നെ വ്യക്തമാക്കി.

യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ 2018ല്‍ രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ നടക്കാറുള്ള കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയാണ് ചൊവ്വാഴ്ചയും നടക്കുന്നത്.

സമാന ആശയമുള്ളവരുടെ സ്ഥിരമായി നടക്കുന്ന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചത്തെ യോഗമെന്ന് മുന്‍ ജെഡിയു നേതാവ് പവന്‍ വെര്‍മ്മ പറഞ്ഞു. സമൂഹത്തിലെ വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ളവരും മേഖലകളില്‍ നിന്നുള്ളവരും ഈ യോഗത്തില്‍ പങ്കെടുക്കും, ബിജെപിയല്ലാത്തവര്‍ എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മുതിര്‍ന്ന അഭിഭാഷകരായ കെടിഎസ് തുളസി, കോളിന്‍ ഗോണ്‍സാല്‍വസ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വെ ഖുറേഷി, മുന്‍ അംബാസഡര്‍ കെസി സിങ്, ഗാനരചയിതാവ് ജാവേദ് അക്തര്‍, മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, അശുതോഷ് എന്നിവര്‍ ക്ഷണിതാക്കളാണെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള യോഗത്തില്‍ പങ്കെടുക്കും.