‘ദുല്‍ഖറിനെയോ ‘കുറുപ്പി’നെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രിയദര്‍ശന്‍

ദുല്‍ഖര്‍ സല്‍മാനേക്കുറിച്ചോ ‘കുറുപ്പ്’ റിലീസിനേക്കുറിച്ചോ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടര്‍ ചാനലിനോട് നടത്തിയ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് സംവിധായകന്റെ വിശദീകരണം. ‘മരക്കാര്‍’ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ദുല്‍ഖര്‍ ചിത്രത്തിനെതിരെ പ്രിയദര്‍ശന്‍ പരോക്ഷ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ചിലര്‍ നെറ്റ്ഫ്‌ളിക്‌സിലെടുക്കാന്‍ പറ്റാത്ത ചിത്രങ്ങള്‍ തങ്ങള്‍ തിയേറ്ററുകളെ സഹായിക്കുകയാണെന്ന വ്യാജേന റിലീസ് ചെയ്യുകയാണെന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. താന്‍ ആരേയും ഉദ്ദേശിച്ചല്ലെന്നും പൊതുവേ പറഞ്ഞതാണെന്നും സംവിധായകന്‍ പറഞ്ഞു.

ദുല്‍ഖറിനേക്കുറിച്ചോ വരാനിരിക്കുന്ന കുറുപ്പിന്റെ റിലീസിനേക്കുറിച്ചോ ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

പ്രിയദര്‍ശന്‍

താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ നല്‍കി മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന നെറ്റ്ഫ്‌ളിക്‌സിനേക്കുറിച്ചും തിയേറ്റര്‍ റിലീസുകളോടുമുള്ള എന്റെ പൊതുവായ നിലപാടിലൂന്നിയുള്ളതാണ്. ഏതെങ്കിലും സിനിമയേയോ, നടനെയോ പ്രത്യേകമായി എടുത്തുപറയുന്നില്ലെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു.

പ്രിയദര്‍ശന്‍ ഇന്നലെ പറഞ്ഞത്

“ചിലയാളുകളൊക്കെ സിനിമയെടുക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സില്‍ എടുക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ‘ഓ ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചുവാങ്ങിച്ചുകൊണ്ട് തിയേറ്ററുകളെ സഹായിക്കുകയാണ്’ എന്ന്. അതൊന്നും ശരിയൊന്നുമല്ല.”

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍ ദുല്‍ഖറിനെ തന്നെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ ഡയറക്ട് ഒടിടി റിലീസ് വേണ്ടെന്ന് വെച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തങ്ങളെ സഹായിക്കാന്‍ വേണ്ടി മമ്മൂട്ടിയും ദുല്‍ഖറും നടത്തിയ സ്‌നേഹപൂര്‍വ്വമായ ഇടപെടലാണിതെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സിന്റെ 40 കോടിയുടെ ഡയറക്ട് ഒടിടി റിലീസ് ഓഫറാണ് ദുല്‍ഖറിന്റെ വെയ്ഫാറര്‍ ഫിലിംസ് വേണ്ടെന്ന് വെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് ഇതിനോടകം ഹൗസ് ഫുള്‍ ആയിക്കഴിഞ്ഞു. കൂടുതല്‍ സ്‌ക്രീനുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് തിയേറ്ററുടമകള്‍.

തിയേറ്ററുകള്‍ പ്രതിസന്ധിയിലായിരിക്കെ മലയാള സിനിമയിലെ രണ്ട് മുന്‍ നിര നടന്‍മാരും നിര്‍മ്മാതാക്കളും സ്വീകരിച്ച നിലപാട് ചര്‍ച്ചയാകുന്നുണ്ട്. ‘മരക്കാര്‍’ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് ഒടിടി തെരഞ്ഞെടുത്തതെന്ന് ആന്റണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ഷാജി കൈലാസ് ഒരുക്കുന്ന എലോണ്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്നിവയും പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രവും നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ബോക്സിങ്ങ് ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയുടെ റിലീസിനേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വ്യക്തമായി പ്രതികരിച്ചില്ല.

Also Read: ദുല്‍ഖറിന്റെ ‘കുറുപ്പ്’ തിയേറ്ററുകള്‍ക്ക് ഹീറോ; പ്രതിസന്ധി കാലത്തിനൊടുവില്‍ പ്രീ ബുക്കിങ്ങ് ഹൗസ്ഫുള്ളായതിന്റെ ആശ്വാസത്തില്‍ ഉടമകള്‍