‘പറഞ്ഞ പണിയെടുത്താല്‍ പോരേ?’; ടിവി സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന വിലയിരുത്തല്‍ സിനിമാ സവര്‍ണരുടെ ജാഡയെന്ന് ഹരീഷ് പേരടി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ പരമ്പരയ്ക്കും പുരസ്‌കാരമില്ലെന്ന ജൂറി തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് ജൂറിയിലുള്ളവരെ വിളിച്ചതെന്നും നിലവാരം പരിശോധിക്കാന്‍ അല്ലെന്നും ‘കായംകുളം കൊച്ചുണ്ണി’ സീരിയലിലൂടെ ശ്രദ്ധേയനായ താരം പറഞ്ഞു. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറേ കാലം കുടുംബം പോറ്റിയിട്ടുണ്ട്. എന്നിട്ടും ഞങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ മാത്രമാണെന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി.

അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണര്‍ക്ക്, പുച്ഛമായ-എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയുമില്ല.

ഹരീഷ് പേരടി

ജൂറിയിലുള്ളവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ സീരിയലുകള്‍ ഓടുകയായിരിക്കും. ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാത്സംഗങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞു വരുന്നതെന്നും ഹരീഷ് പേരടി പരിഹസിച്ചു. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറസോവയുടെ സിനിമയുടെ നിലവാരമുണ്ടോ? പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ലെന്നും നടന്‍ വിമര്‍ശിച്ചു.

ടെലിവിഷന്‍ പുരസ്‌കാര സമിതി

ജൂറിക്ക് മുന്‍പിലെത്തിയ ഭൂരിഭാഗം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാന്‍ പോലും നിലവാരം ഇല്ലാത്തവയായിരുന്നെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. അതിനാല്‍ 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ജൂറി പ്രതികരിച്ചു. കുടുംബപ്രേക്ഷകര്‍ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. സംവിധായകരായ ആര്‍ ശരത്, സുരേഷ് പൊതുവാള്‍, ജിത്തു കോളയാട്, എഴുത്തുകാരന്‍ എസ് ഹരീഷ്, നടി ലെന, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോ എന്നിവര്‍ അടങ്ങുന്നതായിരുന്നു ജൂറി.