‘മത്സരപ്പരീക്ഷകളിലെ മാർക്കല്ല മെറിറ്റ്’, സംവരണമാണ് സാമൂഹിക നീതിയെന്ന് സുപ്രീം കോടതി

പിന്നോക്ക ജാതിക്കാർക്കുള്ള സംവരണം മെറിറ്റിന് എതിരല്ലെന്നും മെറിറ്റ് വിലയിരുത്തേണ്ടത് സാമൂഹിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാകണമെന്നും സുപ്രീം കോടതി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ഒബിസി സംവരണം ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മത്സരപ്പരീക്ഷകളിലെ ഉയർന്ന മാർക്കുകളല്ല മെറിറ്റ് നിർണയിക്കുന്നതെന്നും കോടതി വിശദമാക്കി.

ബിരുദ-ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള നീറ്റ് പരീക്ഷയിൽ 27 ശതമാനം പിന്നോക്ക സംവരണം ഭരണഘടനാനുസൃതമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയും അംഗങ്ങളായ സുപ്രീം കോടതി ബെഞ്ച് വിധിച്ചിരുന്നു. ഈ ഉത്തരവിന്റെ വിശദമായ വിധിന്യായത്തിലാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. രാജ്യത്ത് സംവരണത്തെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ കോണുകളിൾ ചർച്ചകൾ നടക്കുന്നതിനിടെയാണ് പരമോന്നത കോടതിയുടെ പരാമർശം.

“സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് തന്നെയാകണം മെറിറ്റ് നിശ്ചയിക്കേണ്ടത്. പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിൽ സംവരണത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. സംവരണം മെറിറ്റിന് എതിരല്ല, മറിച്ച് സാമൂഹിക നീതിയുടെ വിതരണം മെച്ചപ്പെടുത്തുകയാണ് അത് ചെയ്യുന്നത്,” എന്നാണ് കോടതി നിരീക്ഷിച്ചത്

ബാഹ്യമായ തുല്യത മാത്രം ഉറപ്പുവരുത്തുന്ന മത്സരപ്പരീക്ഷകളുടെ ഇടുങ്ങിയ വ്യാഖ്യാനങ്ങളിലേക്ക് മെറിറ്റിനെ ചുരുക്കാനാവില്ല. മത്സരപ്പരീക്ഷകളിലൂടെ യോഗ്യത അളക്കുമ്പോൾ അതിൽ വ്യക്തികളുടെ മികവും, കഴിവും കാര്യശേഷിയും അളക്കപ്പെടുന്നില്ല. ഈ പരീക്ഷകളിൽ ജേതാക്കളാകുന്നവർക്ക് അനുകൂലമായ സാമൂഹിക സാഹചര്യവും പരിഗണിക്കപ്പെടുന്നില്ല. ജീവിത സാഹചര്യങ്ങളുടെ ആകെത്തുകയാണ് ഓരോ വ്യക്തിയുടെയും മെറിറ്റ് എന്നും കോടതി വ്യക്തമാക്കുന്നു.

പിന്നോക്ക ജാതിയിലുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നീറ്റ് പരീക്ഷയിൽ സംവരണം നൽകിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഒരുകൂട്ടം ഹരജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി.