എംജി രാധാകൃഷ്ണന്‍ അഭിമുഖം: ഞങ്ങള്‍ സ്വതന്ത്രരാണ്, എല്ലാ ഭര്‍ത്സനങ്ങളും ബാഡ്ജ് ഓഫ് ഓണറായി സ്വീകരിക്കുന്നു

കേരളത്തിലെ മാധ്യമ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗം മേധാവിയുമായ എംജി രാധാകൃഷ്ണനുമായുള്ള അഭിമുഖം

ചോദ്യം: കേരളത്തില്‍ മാധ്യമങ്ങള്‍ ഒരു ക്രെഡിബിലിറ്റി ക്രൈസിസ് നേരിടുന്നുണ്ടെന്ന് കരുതുന്നുണ്ടോ?

ഇത് കേരളത്തിന്റെ മാത്രം കാര്യമായി കാണാന്‍ പാടില്ല. ആഗോള തലത്തില്‍ മാധ്യമങ്ങളെക്കുറിച്ച് നടക്കുന്ന എല്ലാ പഠനങ്ങളിലും ഗവേഷണങ്ങളിലും സൂചിപ്പിക്കുന്ന ഒരുകാര്യമാണ് മാധ്യമങ്ങളിലെ വിശ്വാസ്യത. ജനങ്ങള്‍ മാധ്യമങ്ങളില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസ്യത വലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്. കേരളത്തില്‍ മാത്രമല്ല, ലോകം മുഴുവന്‍.

ചോദ്യം: കേരളം പക്ഷേ, സവിശേഷമായ ഒരു മാധ്യമ ചരിത്രവും പാരമ്പര്യവുമുള്ള സമൂഹമാണ്. മീഡിയ ലിറ്ററസിയിലും കേരളം ലോകനിലവാരത്തിനൊപ്പമാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിന് അവരുടെ മാധ്യമങ്ങളില്‍ വിശ്വാസമില്ലാതാവുന്നുണ്ടെങ്കില്‍, ആ വിശ്വാസ്യതാ പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തെല്ലാമാണ്? ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ വരവിന് ശേഷമുണ്ടായ പ്രതിഭാസമാണോ ഇത്?

കഴിഞ്ഞ പത്ത് മുപ്പത് കൊല്ലമായി മാധ്യമങ്ങള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിലേറ്റവും പ്രധാനമാണ് പുതിയ തരം സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം. വാസ്തവത്തില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിയെ അടിമുടി മാറ്റിമറിച്ചുകൊണ്ട് മാധ്യമങ്ങളുടെ എണ്ണത്തിലായാലും സാങ്കേതിക വിദ്യയിലായാലും അതിന്റെ വ്യാപനത്തിലായാലും വലിയ മാറ്റം വരണം. സ്വാഭാവികമായും മാധ്യമങ്ങള്‍ ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാവസായികമായ പ്രതിസന്ധി ഒരുവശത്ത്, മറുവശത്ത് വിശ്വാസ്യതയടക്കമുള്ള മറ്റനവധി തരത്തിലുള്ള പ്രതിസന്ധികള്‍. വ്യവസായികമായ പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് മത്സരമുണ്ടാവുന്നത്. ഒരുവശത്ത് മാധ്യമങ്ങള്‍ ചെലവേറിയ പടുകൂറ്റന്‍ വ്യാവസായിക പദ്ധതികള്‍ മാത്രമായി മാത്രമേ നടത്താന്‍ കഴിയൂ എന്നതുമുണ്ട്.

സോഷ്യല്‍മീഡിയകൂടി വന്നപ്പോള്‍ കാര്യങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് കടന്നുപോയിരിക്കുന്നു. സോഷ്യല്‍മീഡിയയുമായുള്ള രൂക്ഷമായ മത്സരത്തില്‍, തോല്‍ക്കുന്ന മത്സരത്തില്‍ നിലനില്‍ക്കാനായുള്ള ഡെസ്പറേറ്റ് ആയിട്ടുള്ള വല്ലാത്ത വിറളികൂട്ടല്‍ ഉണ്ടായിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളുടെ ബിസിനസ് മോഡലുകളെല്ലാം തകര്‍ന്നുകഴിഞ്ഞു. ഈ അവസ്ഥയില്‍ നിലനില്‍പിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി പലമാധ്യമങ്ങളും പല വിട്ടുവീഴ്ചയും ചെയ്യേണ്ടിവരുന്നുണ്ട്. തീവ്ര വലതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെയുള്ളവര്‍ അധികാരത്തിലും ഭരണത്തിലുമെത്തുമ്പോള്‍ ഒരേപോലെ നടത്തുന്ന ആക്ഷേപങ്ങള്‍ മറുവശത്തുണ്ട്. അപ്പോള്‍ത്തന്നെ ഭരണാധികാരികളോട് ചോദ്യം ചോദിക്കാനുള്ള അവസാനത്തെ ആശ്രയമായി സാധാരണക്കാര്‍ക്ക് ഇപ്പോഴും നിലനില്‍ക്കാന്‍ കഴിയുന്നുണ്ട് എന്നത് മറന്നുപോകാതെയാണ് ഞാന്‍ ഈ അപകടങ്ങളെക്കുറിച്ചും ഇതിന്റെ വീഴ്ചകളെക്കുറിച്ചും പറയുന്നത്.

ചോദ്യം: ഇതിന്റെ മറുവശം പരിശോധിച്ചാല്‍, മാധ്യമ മേഖലയെ ഒന്നാകെയും, അല്ലെങ്കില്‍ ഒരു മാധ്യമസ്ഥാപനത്തെ ഒറ്റതിരിഞ്ഞും, അതല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നാകെയും വ്യക്തികളെ ഒറ്റതിരിച്ചും അക്രമിക്കുന്ന പ്രവണത ഈ അടുത്ത കാലത്തായി കാണാം. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിരോധ സന്നാഹത്തിന്റെ ഭാഗമായി ഇത്തരം എളുപ്പത്തിലുള്ള മാധ്യമ വിമര്‍ശനം എന്ന പ്രതിരോധ രീതിയിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ മാറുന്നത് ഇതിന്റെ കൂടെ കാണേണ്ടതുണ്ടോ?

പൊതുവെ ഇത് അസഹിഷ്ണുതയുടെ കാലമാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഭരണാധികാരികള്‍ക്കാണ്. ഭരണാധികാരികള്‍ കൂടുതല്‍ക്കൂടുതല്‍ അവരുടേതായ അഭിപ്രായങ്ങള്‍ക്കെതിരായ, വിമത ശബ്ദങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരായ അവരുടെ നിലപാടുകളും ശക്തമാവുന്നത് നമുക്ക് ലോകം മുഴുവന്‍ കാണാം. അമേരിക്കയില്‍ മാധ്യമങ്ങളെ റദ്ദ് ചെയ്യണമെന്ന് ഡൊണാള്‍ഡ് ട്രംപ് നിരന്തരമായി ആവശ്യപ്പെട്ടു. ഏറ്റവും വലിയ ആക്രമണം നടക്കുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നേരെയാണ്. ഈ ഭരണാധികാരികള്‍ ഏറ്റവുമധികം ഭയക്കുന്നതും വെറുക്കുന്നതും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളെയാണ്. അതുകൊണ്ട്, മാധ്യങ്ങള്‍ക്കെതിരെ പൊതുസമൂഹം ശബ്ദമുയര്‍ത്തുമ്പോള്‍ അവര്‍ ശ്രദ്ധിക്കേണ്ടത്, ഇന്നും എന്തുകൊണ്ടാണ് ഏറ്റവും വലിയ സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ മുഖ്യധാരാ മാധ്യമങ്ങളെ വെറുക്കുന്നത് എന്നാണ്. കാരണം, അവരുടെ അമിതാധികാരത്തെ ചെറുക്കാനുള്ള പ്രസക്തമായ ആയുധമായി സമൂഹത്തില്‍ നിലനില്‍ക്കുന്നത് മാധ്യമങ്ങളാണ്. എല്ലാ കുഴപ്പങ്ങളോടും ദൗര്‍ബല്യങ്ങളോടും കൂടിത്തന്നെയാണ് ഇത് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ലോകം മുഴുവന്‍ ഭരണാധികാരികള്‍ മാധ്യമങ്ങളെ റദ്ദുചെയ്തുകൊണ്ടുള്ള മോണോലോഗുകളിലേക്ക് പോവുന്നത്. അത് കേരളത്തിലും വ്യക്തമാണ്.

ചോദ്യം: കേരളത്തിന്റെ കാര്യമെടുത്താല്‍ ഇവിടെ സിപിഐഎമ്മാണ് വ്യവസ്ഥാപിതമായും ഒരുപക്ഷേ വിജയകരമായും മാധ്യമവിമര്‍ശനം നടത്തുന്നത്. സിപിഐഎമ്മിനോട് മറ്റ് പാര്‍ട്ടികളോട് കണിക്കാത്ത അധിക ഓഡിറ്റിങ് മാധ്യമങ്ങള്‍ ചെയ്യുന്നു എന്നതാണ് അവര്‍ പറയുന്നത്. പാര്‍ട്ടിയിലെ സാധാരണക്കാരോ അവരുടെ ബന്ധുക്കളോ ചെയ്യുന്ന കാര്യങ്ങള്‍പോലും പാര്‍ട്ടിയുടെ ഉത്തരവാദിത്വത്തിലേക്ക് വരുന്നു. ആ ഓഡിറ്റിങ് മറ്റ് പാര്‍ട്ടികളോട് മാധ്യമങ്ങള്‍ കാണിക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ സിപിഐഎമ്മിനോട് ഒരു അനീതി കാണിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?

കേളത്തിലെ മാധ്യമങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അകലവും വിമര്‍ശനവും നടത്തിയിട്ടുണ്ട് എന്നത് എല്ലാക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറഞ്ഞിട്ടുള്ള ഒരു ആക്ഷേപമാണ്. അത് വാസ്തവത്തില്‍ ഇടതുപക്ഷം അഭിമാനമായി കാണേണ്ട കാര്യമാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ സിപിഐഎമ്മിനെ കൂടുതലായി ഓഡിറ്റ് ചെയ്യുന്നത്? സിപിഐഎമ്മില്‍നിന്നും ഇടതുപക്ഷത്തുനിന്നും കൂടുതല്‍ ഭേദപ്പെട്ട മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു സമൂഹത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്കുണ്ടാവുന്ന തെറ്റുകളേക്കാള്‍ കൂടുതല്‍ ഇടതുപക്ഷം വിമര്‍ശന വിധേയമാവുകയും കൂടുതല്‍ ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഇടതുപക്ഷത്തിന് ഒരു മോറല്‍ ഹൈഡ്ഗ്രൗണ്ട് ഉണ്ടെന്നാണ്. മാധ്യമങ്ങള്‍ അത് സമ്മതിച്ച് കൊടുക്കാതെ തന്നെ പരോക്ഷമായി ഇടതുപക്ഷത്തിന്റെ ധാര്‍മ്മികമായ ഔന്നത്യത്തെ അംഗീകരിക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ ചെയ്യുമ്പോള്‍ അവരില്‍നിന്നും ഇതൊക്കെയേ സംഭവിക്കൂ എന്ന കരുതുമ്പോളും അത് ഇടതുപക്ഷത്തുനിന്നും ഉണ്ടാകുമ്പോള്‍ കൂടുതല്‍ വിമര്‍ശിക്കുന്നതിന്റെ ഒരു കാരാണം അതാണ്.

രണ്ടാമതായി, കൂടുതല്‍ രഹസ്യസ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സംഘടനകളെയും തുറന്നുകാണിക്കാനും അവരുടെ രഹസ്യാത്മകതയെ തകര്‍ക്കാനും ശ്രമിക്കുന്നത് മാധ്യമങ്ങളുടെ സ്വാഭാവികമായ രീതിയാണ്.

മൂന്നാമതായി, ഇടതുപക്ഷത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍, മാധ്യമങ്ങള്‍ മധ്യവര്‍ഗ്ഗത്തിന്റെ മൂലധനത്തിന്റെ ഭാഗമായിട്ടുള്ള സാമ്പത്തിക രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുമായി അവര്‍ക്ക് പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം.

പക്ഷേ, കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയാണ് മാധ്യമങ്ങളോടും മാധ്യമങ്ങള്‍ തിരിച്ച് അവരോടും സമീപനം പുലര്‍ത്തുന്നത്. കേരളത്തില്‍ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ ഒരു പാര്‍ട്ടിയെയും മാധ്യമങ്ങള്‍ ഒഴിവാക്കാറില്ല. ഉദാഹരണത്തിന് 2020 ഏഷ്യാനെറ്റിന്റെ 25ാം വര്‍ഷമായിരുന്നു. ഇരുപക്ഷങ്ങളില്‍നിന്നും ഒരേപോലെ ഞങ്ങള്‍ ആക്രമണം നേരിട്ടതും 2020ലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 25ാം വാര്‍ഷികത്തെ ഒരുപക്ഷേ, സാര്‍ത്ഥകമാക്കിയത് ഇരുപക്ഷത്തുനിന്നുമുള്ള ഈ ആക്രമണമാണ്. സിപിഐഎം ഞങ്ങളെ ബഹിഷ്‌കരിച്ചു. ബിജെപി വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തി. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ ആക്രമിക്കുന്നത്. പ്രത്യേകിച്ച്, ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒന്നിനുപുറകേ ഒന്നായി ബിജെപി ബഹിഷ്‌കരണം പ്രഖ്യാപിച്ചുകഴിഞ്ഞു. സിപിഐഎം മറ്റൊരു തരത്തില്‍ രംഗത്തുണ്ട്. ഇത് പാര്‍ട്ടികള്‍ നടത്തുന്നതാണെന്ന് ഞാന്‍ പറയുന്നില്ല. അവരുടെ സൈബര്‍ ആര്‍മികളായിരിക്കാം. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ഒന്നിച്ചുനില്‍ക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെപ്പോലെയുള്ള മാധ്യമങ്ങളെ ആക്രമിക്കുന്നതിലാണ്.

ചോദ്യം: ഒമ്പതുമണി ജഡ്ജുമാര്‍ എന്ന പ്രയോഗം തന്നെ നടത്തിയത് താങ്കളാണ്. ഈ രാത്രികാല ചര്‍ച്ചകള്‍ ജനാധിപത്യഹീനമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. അതില്‍ ആനുപാതികമായി സമയം അനുവദിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നല്ലോ സിപിഐഎമ്മിന്റെ ബഹിഷ്‌കരണം. ഒമ്പതുമണി ചര്‍ച്ച ജനാധിപത്യപരമല്ലെന്ന അഭിപ്രായം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ താങ്കള്‍ക്കുണ്ടോ?

ടെലിവിഷന്‍ ചര്‍ച്ചകളുടെ സ്വഭാവം ഒരുപാട് മാറിയിട്ടുണ്ട്. ഇതിനും അത്ഭുതകരമായ അന്തര്‍ദേശീയമാനമുണ്ട്. ലോകം മുഴുവന്‍ പുതിയ ഒരുതരം ചര്‍ച്ചയിലേക്ക് കടന്നുകഴിഞ്ഞു. ആവേശഭരിതരായ, രോഷാകുലരായ ആങ്കര്‍മാരുടെ സാന്നിധ്യം ഉണ്ടായിക്കഴിഞ്ഞു. അത് പുതിയ തരം മാധ്യമ വഴക്കമാണ്. മുമ്പുണ്ടായിരുന്ന മാന്യവും സാത്വികവുമായ ചര്‍ച്ചകളില്‍നിന്നും വിഭിന്നമായി ആങ്കര്‍മാര്‍ ഒരു നിലപാട് സ്വീകരിക്കുകയും ആ നിലപാടില്‍ ഉറച്ച് നിന്ന് ആ നിലപാടിന് വേണ്ടി സംസാരിക്കുകയും എതിര്‍ നിലപാടുകളെ അതിശക്തമായി വിര്‍മശിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പുതിയ വഴക്കം. പക്ഷം ചേരാതെ ചെയ്യുന്നു എന്നുള്ളതാണ് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഞങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധരാണെന്ന് പറഞ്ഞ നേതാക്കള്‍ കുറച്ചൊന്നുമല്ല. അവര്‍ ബഹിഷ്‌കരണത്തില്‍ എത്തിയില്ലെന്ന് മാത്രം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ആളകള്‍ ചചര്‍ച്ചകളില്‍നിന്ന് ഇറങ്ങിപ്പോയി. നിരന്തരം ഞങ്ങള്‍ക്കെതിരെ ക്യാമ്പയിനുകള്‍ നടത്തി. ചര്‍ച്ചകളിലെ ‘ജനാധിപത്യ വിരുദ്ധത’ അവര്‍ ചര്‍ച്ചയാക്കി. അടുത്ത അഞ്ച് വര്‍ഷമായപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. ഭരണപക്ഷം പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്നപ്പോളെല്ലാം ഭരണകക്ഷിയുടെ പ്രതിനിധികളില്‍നിന്നും സ്വാഭാവികമായും കൂടുതല്‍ വിമര്‍ശനവും കൂടുതല്‍ ആങ്കര്‍മാരില്‍നിന്ന് ആക്രമണവും വന്നിട്ടുണ്ടെങ്കില്‍ അത് ഈ ചര്‍ച്ചകളുടെ ഒരു പ്രത്യേകതയാണ്. ജനങ്ങള്‍ക്കുവേണ്ടി ഭരണപക്ഷത്തെ വിമര്‍ശിക്കുന്നതും വിചാരണ ചെയ്യുന്നതുമാണ് മാധ്യമധര്‍മ്മം.

ഇവിടെ അര്‍ണാബ് ഗോസ്വാമി നടത്തുന്നതാണ് ജനാധിപത്യ വിരുദ്ധത. കാരണം കൃത്യമായ പക്ഷപാതത്തോടെയാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നത്. അദ്ദേഹത്തിന് ബിജെപി വിമര്‍ശന വിധേയമായ രാഷ്ട്രീയപാര്‍ട്ടിയേ അല്ല. ഭൂരിപക്ഷ മതത്തെ അനുകൂലിച്ച് മാത്രമേ ചര്‍ച്ച നടത്തൂ. പാകിസ്താന്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഏക ശത്രു. പിന്നെ മുസ്ലിങ്ങളും കോണ്‍ഗ്രസുമാണ് ശത്രു. ഇത് എല്ലാ ചര്‍ച്ചകളിലും അദ്ദേഹം ഒരുപോലെ തുടരുകയും ചെയ്യുന്നു. കേരളത്തില്‍ അങ്ങനെ ഒരു ചാനലിനും രാഷ്ട്രീയപരമോ മതപരമോ ആയ പക്ഷപാതം സ്വീകരിക്കാന്‍ കഴിയില്ല എന്നാണ് അഭിമാനകരമായ കാര്യം. പക്ഷേ, ഭരണത്തിലിരിക്കുന്ന ഒരു കക്ഷിയെ, ഒരു സര്‍ക്കാരിനെ മറുപക്ഷത്തേക്കാള്‍ കൂടുതല്‍ ആക്രമിക്കാനും വിചാരണ ചെയ്യാനും വിമര്‍ശിക്കാനുമുള്ള സാധ്യതയുണ്ട്. അത് തെറ്റാണെന്ന് കരുതുന്നില്ല.

ചോദ്യം: സിപിഐഎമ്മിന്റെ ബഹിഷ്‌കരണം അവസാനിപ്പിച്ചത് ഏഷ്യാനെറ്റ് അങ്ങോട്ട് ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചാണെന്ന് വാര്‍ത്തകളില്‍ കണ്ടിരുന്നു. അത് ജനാധിപത്യപ്രക്രിയയില്‍ ഒരു പാര്‍ട്ടിയെ അകറ്റിനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ? അതോ മറ്റേതെങ്കിലും ഭീഷണി നിറഞ്ഞ അന്തരീക്ഷം അക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ടോ?

യാതൊരു ഭീഷണിയുമില്ല. സിപിഐഎം ബഹിഷ്‌കരണം പ്രഖ്യാപിച്ച അന്നുമുതല്‍ ഞാന്‍ ചാനലില്‍ വന്ന് സംഭാഷണത്തിലേക്ക് തിരിച്ചുവരണമെന്ന് സിപിഐഎമ്മിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. ബഹിഷ്‌കരണമെന്നത് ജനാധിപത്യപരമല്ലെന്നും അഭിപ്രായ വ്യത്യാസങ്ങളും തകര്‍ക്കങ്ങളും പറയേണ്ടത് ചര്‍ച്ചകളിലും സംഭാഷണങ്ങളിലുമാണെന്ന് നിരന്തരം പറഞ്ഞിരുന്നു. അതിന് ആദ്യം അവര്‍ തയ്യാറായില്ല. പിന്നീട് അവര്‍ സംഭാഷണത്തിന് തയ്യാറാണ് എന്ന് അറിയിക്കുകയും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ പാര്‍ട്ടി സെക്രട്ടറിയെ പോയിക്കണ്ട് ഇതേ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. അതില്‍ യാതൊരു തെറ്റുമില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണത് ചെയ്തത്. അവിടെനിന്നും ഒരു ഭീഷണിയുമുണ്ടായിട്ടില്ല, ഞങ്ങള്‍ ആ ഭീഷണിക്ക് വഴങ്ങാനും നിന്നിട്ടില്ല. ഞങ്ങളുടെ ഒരു നയമായിട്ടാണ് അക്കാര്യം ചെയ്തത്.

ചോദ്യം: ഇടതുപക്ഷം മാധ്യമങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണം, അവയെല്ലാം മൂലധന താല്‍പര്യങ്ങള്‍ മാത്രമേ സംരക്ഷിക്കൂ എന്നാണ്. എഡിറ്ററും എഡിറ്റോറിയല്‍ ബോര്‍ഡുമല്ല, ഡയറക്ടര്‍ ബോര്‍ഡും മാനേജിങ് ഡയറക്ടറുമാണ് എല്ലാ തീരുമാനങ്ങളുമെടുക്കുക എന്ന്. ഏഷ്യാനെറ്റ് ന്യൂസ് റൂമിലെ അനുഭവം എന്താണ്?

ഞാന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചിട്ട് 40 വര്‍ഷമാവുന്നു. ഈ 40 വര്‍ഷം ദേശീയമാധ്യമങ്ങളിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ ഞാന്‍ ഇവിടെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഇന്നുവരെ ഒരുതവണ പോലും ഞങ്ങളുടെ മാനേജ്‌മെന്റോ ഉടമസ്ഥരോ ഏതെങ്കിലും രാഷ്ട്രീയത്തിലോ മറ്റ് വിഷയങ്ങളിലോ പ്രവര്‍ത്തിക്കേണ്ടതില്‍ ഇടപെട്ടിട്ടില്ല. സമ്പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമുള്ള ഒരു മാധ്യമമാണിത്. ഞങ്ങളുടെ ചെയര്‍മാന് രാഷ്ട്രീയമുണ്ടാവാം, അദ്ദേഹത്തിന് രാഷ്ട്രീയ പാര്‍ട്ടികളുണ്ടാവാം. പക്ഷേ, സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ നയങ്ങളെ അവയൊന്നും സ്വാധീനിച്ചിട്ടില്ല.

ചോദ്യം: രാജിവ് ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരാവണം അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചു എന്ന് വാര്‍ത്ത വരികയും അത് താങ്കള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഒരുഘട്ടത്തിലും രാജീവ് ചന്ദ്രശേഖരന്‍ ഇടപെട്ടിട്ടില്ല എന്നാണോ?

തീര്‍ച്ചയായും ഇല്ല. ബിജെപി കഴിഞ്ഞ ദിവസം ഞങ്ങളെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ തന്റെ രാഷ്ട്രീയം ഈ സ്ഥാപനത്തിന് മേല്‍ അടിച്ചേല്‍പിക്കുകയാണെങ്കില്‍ ഇങ്ങനെയൊന്നുമുണ്ടാവില്ല. ശരി എന്ന് തോന്നുന്ന എഡിറ്റോറിയല്‍ നയത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നൂറ് ശതമാനവുമുണ്ട്.

ചോദ്യം: അത് രാജീവ് ചന്ദ്രശേഖരന്‍ അദ്ദേഹത്തിന്റെ ബെനവെലന്‍സ് കൊണ്ട് നീട്ടിത്തരുന്നതാണോ, അതോ മാധ്യമസംഘം എന്ന നിലയില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണോ?

അതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പാരമ്പര്യം. അതിന്റെ ഡിഎന്‍എയില്‍ത്തന്നെ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ് സ്വതന്ത്ര നിലപാട്. അതുകൊണ്ടാണ് വലിയ പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ വന്നിട്ടും ഞങ്ങള്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. അതിന്റെ പാരമ്പര്യവും കരുത്തും വിജയത്തിന്റെ കാരണവും അങ്ങനെയാണ്. അതിനൊക്കെ പുറത്താണ് മുഴുവന്‍ സമയം രാഷ്ട്രീയത്തില്‍നില്‍ക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ രാഷ്ട്രീയം സ്ഥാപനത്തിന്റെ നയങ്ങളുമായി കൂട്ടിക്കുഴക്കേണ്ട എന്ന് തീരുമാനമെടുത്തത്.

ചോദ്യം: കഴിഞ്ഞ വോട്ടെണ്ണല്‍ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം ഒരുലക്ഷത്തി മുപ്പതിനായിരത്തില്‍നില്‍ക്കുമ്പോള്‍ 24 ന്യൂസിന്റേത് മൂന്ന് ലക്ഷം പിന്നിട്ടിരുന്നു. ഒരുഘട്ടത്തിലത് അഞ്ച് ലക്ഷത്തിലധികമായി ഉയര്‍ന്നു. കേരളത്തിലെ ടെലിവിഷന്‍ മാധ്യമരംഗത്ത് 24 ഉള്‍പ്പെടെയുള്ള ചാനലുകള്‍ കൊണ്ടുവരുന്ന പുതിയ രീതികളും പരീക്ഷണങ്ങളും ഏതെങ്കിലും രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പൊസിഷനെ ബാധിക്കുന്നുണ്ടോ?

ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കിന്റെ ആധികാരിക രേഖയായ ബാര്‍ക്ക് റേറ്റിങ് സമീപകാലത്തായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവസാനം ആ രേഖ വരുന്നതുവരെ അതില്‍ ഞങ്ങള്‍ മുന്നില്‍ത്തന്നെയായിരുന്നു. ബാര്‍ക്ക് റേറ്റിങിന് ബദലായി പരിശോധിക്കാവുന്ന സംവിധാനങ്ങളിലും ഞങ്ങള്‍ മുന്നിലാണ്. ടെലിവിഷനോട് ആളുകള്‍ പുലര്‍ത്തുന്ന താല്‍പര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് ശരിയാണ്.

യൂട്യൂബ് വ്യൂവേഴ്‌സ് എന്നത് മറ്റൊരു പ്രേക്ഷക സമൂഹമാണ്. ആ പ്രേക്ഷകസമൂഹത്തിന് ഒരുപക്ഷേ, കൂടുതല്‍ തൃപ്തികരമായിട്ടുള്ളത് മറ്റ് പല ചാനലുകളുടെയും പ്രവര്‍ത്തനമായിരിക്കാം. ആ മാറ്റം എന്തുകൊണ്ടാണ് എന്നൊക്കെ പഠിക്കേണ്ടതാണ്. ടെലിവിഷനും പ്രേക്ഷകനും തമ്മിലുള്ള വ്യവഹാരത്തിന്റെ രീതികളില്‍ മാറ്റം വരുന്നുണ്ട്. കൊവിഡ് അതിന്റെ പ്രധാനപ്പെട്ട കാരണം കൂടിയാണ്. കൊവിഡ് വന്നതോടുകൂടി ടെലിവിഷന്‍ ഓഡിയന്‍സിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വിനോദ ചാനലുകളില്‍ മാത്രം താല്‍പര്യമുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ കടന്നുവരവും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ശാസ്ത്രീയമായും സമഗ്രമായും പഠിക്കേണ്ടതുണ്ട്.

ചോദ്യം: ഓഗ്മെന്റഡ് റിയാലിറ്റി പോലെയുള്ള സങ്കേതങ്ങളെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്നത് ജേണലിസത്തില്‍ ഒരു കലര്‍പ്പാവും എന്ന് കരുതാന്‍ കഴിയുമോ?

അങ്ങനെയൊരു വിധിനിര്‍ണയത്തിന് ഞാന്‍ തയ്യാറല്ല. ഓരോ കാലഘട്ടവും അതിന്റേതായ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതൊരു ദൃശ്യവിരുന്നിന്റെ കാലമാണ്. കെട്ടുകാഴ്ചകളുടെ കാലമാണ്. ആ കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിന് അര്‍ത്ഥം അതൊരു മോശമായ കാര്യമാണെന്നല്ല. കാലഘട്ടത്തിന്റെ മാറ്റമാണ്. അതുകൊണ്ട് സാങ്കേതിക വിദ്യയുടെ മാറ്റമനുസരിച്ചും പുതിയ കാലത്തിന്റെ അഭിരുചികള്‍ക്കനുസരിച്ചും മാറി വരുന്നത് ജനാധിപത്യ ബോധത്തോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുകയാണ് വിധി നിര്‍ണയം നടത്തി മാറിനില്‍ക്കുന്നതിലും നല്ലതെന്നാണ് എന്റെ അഭിപ്രായം.

ചോദ്യം: താങ്കള്‍ ഏറെകക്കാലം ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകനെന്ന നിലയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതോടൊപ്പം താങ്കള്‍ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ഈ പാരമ്പര്യവും ഭൂതകാലവും ചേര്‍ന്ന് ഒരു ധര്‍മ്മസങ്കടത്തില്‍ പെടുത്താറുണ്ടോ?

ധര്‍മ്മസങ്കടമില്ല… (ചിരിക്കുന്നു) അതാണ് അതിന്റെ രസമെന്നാണ് എനിക്ക് തോന്നുന്നത്. പലരും ധരിക്കുന്നത് സിപിഐഎം നേതാവായിരുന്ന ഒരു അച്ഛന്റെ മകന്‍ സമ്പൂര്‍ണമായിട്ടും സിപിഐഎംകാരനായി സിപിഐഎം നിലപാടുകള്‍ മാത്രമേ മുന്നോട്ടുവെക്കാവൂ. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ പാടില്ല, ഇടതുപക്ഷത്തിനോട് ഒരുരീതിയിലും അഭിപ്രായ വ്യത്യാസം വെക്കാന്‍ പാടില്ലെന്നാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. സിപിഐഎംകാരനായ ഒരു അച്ഛന്റെ മകനായ ഞാന്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുത്ത ആളാണ്. എന്റെ അച്ഛന്‍ അതിനോട് യോജിച്ച ആളുമാണ്. ഞാനൊരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്. എല്ലാ തെറ്റുകളും കുഴപ്പങ്ങളുമുണ്ടെങ്കിലും എന്റെ ചിന്താരീതിയും എന്റെ പ്രൊഫഷണല്‍ പ്രവര്‍ത്തനവും എനിക്ക് ശരി എന്ന് തോന്നുന്ന രീതിയിലാണ്. അത് ചിലപ്പോള്‍ തെറ്റിപ്പോയേക്കാം. അതിലൊന്നും തെറ്റില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.

വിമര്‍ശകരുടെ കാര്യത്തിലെ ഒരു കാവ്യനീതി എന്നത്, എന്നെയും ചാനലിനെയും വിമര്‍ശിക്കുന്ന വലതുപക്ഷക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് എന്റെ ഇടതുപക്ഷ പാരമ്പര്യവും പശ്ചാത്തലവുമാണ്. നിങ്ങളൊരിക്കലും ഞങ്ങളെ വിമര്‍ശിക്കാതിരിക്കില്ലല്ലോ. നിങ്ങളുടെ അച്ഛന്‍ ഇടതുപക്ഷക്കാരനല്ലേ എന്നാണവര്‍ പറയുന്നത്. അതുപോലെത്തന്നെ മറുവശത്ത് നിന്നാണ് ഇടതുപക്ഷ അനുഭാവികളുടെയും വിമര്‍ശനം. നിങ്ങളെന്തിനാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ അച്ഛനോട് പോലും നീതി പുലര്‍ത്തുന്നില്ലേ എന്നാണവര്‍ ചോദിക്കുന്നത്. ഇന്ത്യാടുഡേയില്‍ എന്റെ സഹപ്രവര്‍ത്തകനും പ്രശസ്തനായ പത്രാധിപരുമായ രാജ് കമല്‍ ഷാ പറയുന്നതുപോലെ, ഈ പാര്‍ട്ടികളുടെ ശത്രുത ഞങ്ങള്‍ ബാഡ്ജ് ഓഫ് ഓണറായി സ്വീകരിക്കുന്നു. ഇടത്-വലത് പക്ഷങ്ങളില്‍നിന്നും ഏഷ്യാനെറ്റ് ന്യൂസിനോടും എന്നോടുമുണ്ടാവുന്ന വിമര്‍ശനം മാത്രമല്ല, ഭര്‍ത്സനങ്ങളെയും അസഭ്യങ്ങളെയും മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ ബാഡ്ജ് ഓഫ് ഓണറായി സ്വീകരിക്കാനാണ് എനിക്ക് താല്‍പര്യം.