പനാജി: നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനായി പ്രാദേശിക കക്ഷികളെ ബിജെപി ക്ഷണിച്ചതിന് പിന്നാലെ സഖ്യസാധ്യതകള്‍ തള്ളി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി( എംജിപി). ബിജെപിയുമായി സഖ്യത്തിനില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യ ചെയ്യുന്നത് പോലെയാണെന്നുമാണ് എംജിപിയുടെ പ്രതികരണം.
സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എംജിപിയുടെ തീരുമാനം ബിജെപിയുമായി സഖ്യത്തിനില്ല. അവരുമായി സഖ്യചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണ്ഡുരംഗ് ധവാലിക്കര്‍ പറഞ്ഞു.
എംജിപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിയുമായി സഖ്യമെന്ന പ്രചരണത്തില്‍ ആളുകള്‍ വീണുപോവരുത്. ബിജെപി നേരത്തെ തങ്ങളുടെ എംഎല്‍എമാരെ വിലക്കുവാങ്ങി. ഇപ്പോള്‍ അവര്‍ക്ക് സഖ്യം വേണമെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും പാണ്ഡുരംഗ് ധവാലിക്കര്‍ പറഞ്ഞു.
1999 മുതല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴൊക്കെ അക്കാര്യത്തില്‍ തനിക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന എംജിപി നേതാവ് രാംകൃഷ്ണ ധവാലിക്കര്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നുു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 17 സീറ്റാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 13ഉം. എന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കാനാണ് മൂന്ന് സീറ്റുകള്‍ വീതം കയ്യിലുണ്ടായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും എംജിപിയും തീരുമാനിച്ചത്. ഇതോടെ ബിജെപി ഭരണത്തിലെത്തുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസിന്റെ 15ല്‍ 10 എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇതോടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരോടും സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. എംജിപിയുടെ രണ്ട് എംഎല്‍എമാരും ബിജെപിയില്‍ ചേരുകയായിരുന്നു.