അഭിനയം നിര്‍ത്തുന്നില്ലെന്ന് മൈക്കിള്‍ കെയ്ന്‍; നല്ല സ്‌ക്രിപ്റ്റുകള്‍ക്കായി കാത്തിരിപ്പ് തുടരുമെന്ന് 88കാരന്‍

അരനൂറ്റാണ്ടിലേറെയായി ഹോളിവുഡ് സിനിമകളില്‍ സജീവമാണ് മൈക്കിള്‍ കെയ്ന്‍. ഹന്ന ആന്‍ഡ് ഹെര്‍ സിസ്‌റ്റേഴ്‌സിലെ (1986) പ്രകടനത്തിന് ഓസ്‌കര്‍ നേടിയ കെയ്ന്‍, ക്രിസ്റ്റഫര്‍ നൊളാന്‍ ചിത്രങ്ങളിലൂടെയാണ് പുതുതലമുറയ്ക്ക് പ്രിയങ്കരനായത്. ടെനറ്റ്, ഡണ്‍കിര്‍ക്, പ്രസ്റ്റീജ്, ബാറ്റ്മാന്‍ ട്രയോളജി, ഇന്‍സെപ്ഷന്‍, ഇന്റസ്റ്റെല്ലര്‍ തുടങ്ങിയ നോളന്‍ സിനിമകളിലെല്ലാം മൈക്കിള്‍ കെയ്‌നിന്റെ സാന്നിധ്യമുണ്ട്. ആറ്റം ബോംബ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി നോളന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും മൈക്കിള്‍ കെയ്ന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മൈക്കിള്‍ കെയ്ന്‍ അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്തകളെത്തിയത്. ലിന റോസ്ലര്‍ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ‘ബെസ്റ്റ് സെല്ലേഴ്‌സ്’ തന്റെ അവസാനത്തെ ചിത്രമായേക്കുമെന്ന പരാമര്‍ശമായിരുന്നു വാര്‍ത്തകള്‍ക്ക് പിന്നില്‍. കെയ്‌ന്റെ വാക്കുകള്‍ എല്ലാവരും കാര്യമായെടുത്തതോടെ സിനിമാ ലോകത്ത് ചര്‍ച്ചയായി. ഇതിനിടെ താന്‍ അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

ഞാന്‍ വിരമിച്ചിട്ടില്ല. ഒരുപാട് പേര്‍ക്ക് അത് അറിയുകയുമില്ല.

മൈക്കിള്‍ കെയ്ന്‍

സിനിമ ചെയ്യാന്‍ വേണ്ടി രാവിലെ ആറ് മണിക്ക് എഴുന്നേറ്റുകൊണ്ടാണ് താന്‍ കഴിഞ്ഞ 50 വര്‍ഷം ജീവിച്ചത്. തന്റെ ആ അലാം ക്ലോക്ക് കളയാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ‘ദ മാന്‍ ഹു വുഡ് ബി കിങ്’ താരം പറഞ്ഞു.

മൈക്കിള്‍ കെയ്ന്‍ ഷോണ്‍ കോണറിക്കൊപ്പം, ദ മാന്‍ ഹു വുഡ് ബി കിങ്

കഴിഞ്ഞ ദിവസം ബിബിസി റേഡിയോ പരിപാടിയായ ‘കെര്‍മോഡ് ആന്‍ഡ് മയോ’സ് ഫിലിം റിവ്യൂ’ല്‍ പങ്കെടുക്കുന്നതിനിടെയാണ് കെയ്ന്‍ ‘ബെസ്റ്റ് സെല്ലേഴ്‌സ്’ തന്റെ അവസാനചിത്രമായേക്കും എന്ന പ്രതികരണം നടത്തിയത്. ‘കാരണം, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ അഭിനയിച്ചിട്ടില്ല. ഓഫറുകളൊന്നും വന്നിട്ടില്ല. എനിക്ക് നട്ടെല്ലുസംബന്ധമായ ഒരു പ്രശ്‌നമുണ്ട്. അത് കാലിനെ ബാധിക്കുന്നതുകൊണ്ട് നന്നായി നടക്കാന്‍ കഴിയുന്നില്ല. രണ്ട് പുസ്തകങ്ങള്‍ എഴുതി. അവ പ്രസിദ്ധീകരിക്കപ്പെടുകയും വിജയിക്കുകയും ചെയ്തു. നടനാണെങ്കില്‍ രാവിലെ ആറരയ്ക്ക് എഴുന്നേറ്റ് സ്റ്റുഡിയോയില്‍ പോണം. എഴുത്തുകാരനായാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ എഴുത്തിത്തുടങ്ങാം.’

എനിക്ക് 88 വയസായി. 88കാരന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളുടെ സ്‌ക്രിപ്റ്റുകള്‍ വരുന്നുമില്ല.

മൈക്കിള്‍ കെയ്ന്‍

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നേയില്ലെന്ന് കെയ്ന്‍ പറഞ്ഞിരുന്നു. ‘ഞാന്‍ ഒരിക്കലും വിരമിച്ചിരുന്നില്ല. 88കാരനായ എന്റെ വീടിന്റെ വാതില്‍ക്കല്‍ സ്‌ക്രിപ്റ്റുമായി വന്ന് ആരും മുട്ടുന്നില്ല. ഞാന്‍ 65-ാം വയസില്‍ അഭിനയം നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് ‘സിഡര്‍ ഹൗസ് റൂള്‍സ്’ലൂടെ അക്കാദമി അവാര്‍ഡ് നേടാനാകുമായിരുന്നില്ല. ജാക്ക് നിക്കോള്‍സനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരിക്കലുമാകുമായിരുന്നില്ല. ക്രിസ്റ്റഫര്‍ നോളനൊപ്പം ബാറ്റ്മാന്‍ ചിത്രങ്ങള്‍ ചെയ്യലും സാധ്യമാകില്ലായിരുന്നു.’