‘ഓപ്പറേഷന് ജാവ’ മൈക്രോസോഫ്റ്റിന്റെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ സിലബസില്‍ നിര്ദ്ദേശിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി. മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഡെമോ ക്ലാസ് നടത്തുമ്പോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന് ജാവ കാണണം എന്നാണെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.
‘ജാവ എല്ലാവരും കാണണം. കാരണം നിങ്ങള്‍ പഠിക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ’ എന്ന്. എന്താല്ലേ. മൈക്രോസോഫ്റ്റ് നിങ്ങള്‍ മുത്താണ്?
തരുണ്‍ മൂര്‍ത്തി
ബിടെക് കഴിഞ്ഞ് ജോലി തേടി നടക്കുന്ന കാലത്ത് മൈക്രോസോഫ്റ്റിനേക്കുറിച്ച് അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്തതിനാല്‍ ഇന്റര്‍വ്യൂ പരാജയപ്പെട്ട അനുഭവവും സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മൈക്രോസോഫ്റ്റിനെ കുറേ പ്രാകിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് തരുണ്‍ പറയുന്നു.
തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്
പറഞ്ഞു തുടങ്ങുമ്പോള്‍ എന്റെ ബിടെക് കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം, ബാംഗ്ലൂര്‍ താമസിച്ച് അവിടുത്തെ കമ്പനികളില്‍ സി വി കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്.അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റര്‍വ്യൂ വീണു കിട്ടി. അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലിരുന്നു. അപ്പുറത്തു നിന്നു ചോദ്യങ്ങള്‍ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ലാതെ ഞാന്‍ ഇളിഭ്യനായി എന്നു തന്നെ വേണം പറയാന്‍.
അന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
- വിന്‍ഡോസിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷന്‍ ഏതാണ് ?
ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു. - മൈക്രോസോഫ്റ്റിന്റെ ഏതൊക്കെ വേര്‍ഷനുകള്‍ ഉപയോഗിച്ചിട്ടുണ്ട്?
അതിനും ഉത്തരമില്ലാതെ ഞാന്‍ ഞാന്‍ കീഴ്പ്പോട്ടു നോക്കിയിരുന്നു. - മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല. - മൈക്രോസോഫ്റ്റിന്റെ സിഇഒ ആരാണ്?
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ.
എനിയ്ക്ക് നേരെ സര്‍ട്ടിഫിക്കറ്റ് തന്നിട്ട് ആ റിക്രൂട്ടര്‍ പറഞ്ഞു. ഇത്ര പോലും അപ്ഡേറ്റഡ് അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങള്‍ റിക്രൂട്ട് ചെയ്യുക. എപ്പോഴും അപേഡ്റ്റഡ് ആയിക്കൊണ്ടിരിക്കണം എന്ന്. വിവരം ഇല്ലാത്ത, അപേഡ്റ്റഡ് അല്ലാത്ത, എങ്ങും പ്ലേസ്ഡ് ആകാത്ത ഞാന്‍ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. മൈക്രോസോഫ്റ്റിനെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്.
ഇന്സേര്ട് ചെയ്ത ഷര്‍ട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാന്‍ ഒന്ന് നോക്കി. നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഗതി ഇതാണ്. ഇന്ന് രാവിലെ അലക്സാണ്ടര്‍ പ്രശാന്ത് ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മള് ഇന്റര്‍നാഷണലി ഹിറ്റ് ആണെന്ന്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആണ് കാര്യം പറയുന്നത്.
മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷന്‍, മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര്‍ ഡെമോ ക്ലാസ്സ് എടുക്കുമ്പോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന് ജാവ കാണണം എന്നാണ്. പൊതുവേ അവര്‍ പഠനത്തിനിടയില്‍ സിനിമ പ്രോത്സാഹിപ്പിക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം. കാരണം നിങ്ങള്‍ പഠിക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്. എന്താല്ലേ. മൈക്രോസോഫ്റ്റ് നിങ്ങള്‍ മുത്താണ്?