മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം എംഎല്‍എമാര്‍, തുടക്കമിട്ട് എ.എന്‍ ഷംസീര്‍; പിന്നെ മന്ത്രിയുടെ മാപ്പ്

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന തന്റെ പരാമര്‍ശത്തില്‍ കുടുങ്ങി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം എം.എല്‍.എമാര്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തിനിടെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന വിശദീകരണം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ചോദ്യോത്തര വേളയിലായിരുന്നു എം.എല്‍.എമാരോടായി റിയാസ് ഇക്കാര്യം സൂചിപ്പിച്ചത്. ‘കരാറുകാര്‍ എം.എല്‍.എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. അത് ഭാവിയില്‍ പല ദോഷങ്ങള്‍ക്കും കാരണമാവും’, റിയാസ് പറഞ്ഞതിങ്ങനെ. ഇത് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം എം.എല്‍.എമാര്‍ മന്ത്രിക്കെതിരെ തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മന്ത്രിയുടെ സഭയിലെ പരാമര്‍ശം ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ആരോപിച്ചു. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സംസാരിച്ച അഴീക്കോട് എം.എല്‍.എ കെ.വി സുമേഷും കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം ശരിവെച്ച് മന്ത്രിക്കെതിരെയുള്ള വിമര്‍ശനം കനപ്പിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി ബന്ധപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെ കാണേണ്ടതായും വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വെച്ചുണ്ടാവാന്‍ പാടില്ലായിരുന്നെന്നും എം.എല്‍.എമാര്‍ വിമര്‍ശിച്ചു.

Also Read: പൊലീസ് കെണിയൊരുക്കിയത് എനിക്ക്, വീണത് അവനെന്ന് വിനു വി ജോണ്‍; ഏഷ്യാനെറ്റ്-24 ന്യൂസ് ചാനലുകള്‍ തമ്മില്‍ വാക് പോര് തുടരുന്നു

താന്‍ തെറ്റായ ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ച മുഹമ്മദ് റിയാസ്, പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. ഇത്തരത്തിലുള്ള വ്യാഖ്യാനമുണ്ടായത് തെറ്റായിപ്പോയെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഖേദപ്രകടനം നടത്തിയെങ്കില്‍ക്കൂടിയും ഇക്കാര്യത്തില്‍ എം.എല്‍.എമാരുടെ അമര്‍ഷം അവസാനിച്ചിട്ടില്ലെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.