മന്ത്രി മുഹമ്മദ് റിയാസ് ‘ജയ് ഭീം’ സിനിമയേക്കുറിച്ച് നടത്തിയ പ്രശംസ ദളിതരോടുള്ള സമീപനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് വിമര്‍ശനം. ജയ് ഭീം മികച്ച ചിത്രമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അധികാരത്തിന്റെ നെറികേടുകളോടും ജാതീയമായ ഉച്ഛനീചത്വങ്ങളോടും നിയമവാഴ്ച്ചയുടെ അന്ധതയോടും കൊടിയ പീഢനമുറകളോടും സധൈര്യം പോരാടാനുള്ള ഊര്‍ജവും ഇച്ഛാശക്തിയും ‘ജയ് ഭീം’ പകരുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ.
മുഹമ്മദ് റിയാസ്
സാധാരണ മനുഷ്യര്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളെ അഭിനേതാക്കള്‍ അവിസ്മരണീയമാക്കി. തമിഴ്നാട്ടിലെ ഇടതു പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന ഏട് സൂക്ഷ്മമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലര്‍ത്തി. വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിത്രമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിലൂടെയുള്ള മന്ത്രിയുടെ ഹൃസ്വ നിരൂപണത്തെ ഏറെ പേര് പിന്തുണച്ചെങ്കിലും കമന്റ് ബോക്സില്‍ വിമര്‍ശനങ്ങളുമെത്തി. ജാതി വിവേചനം തുറന്നുകാട്ടുന്ന ചിത്രത്തെ ആഘോഷിക്കുന്നവര്‍ കോട്ടയം എം ജി സര്‍വ്വകലാശാലയിലെ ഗവേഷകയായ ദീപ പി മോഹനന് നടത്തുന്ന സമരത്തോട് കണ്ണടയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ചില പ്രതികരണങ്ങള്‍ ഇങ്ങനെ.
“വര്‍ത്തമാന കാലത്ത്..കേരളത്തിലെ കോട്ടയം എം ജി യൂണിവേഴ്സിറ്റിക്ക് മുന്പില്, 10 വര്‍ഷമായി നേരിടുന്ന ജാതീയ വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ഥിനി യായ ദീപ പി മോഹന്‍ നിരാഹാര സമരം ഇരിക്കുന്നുണ്ട്. പറ്റുമെങ്കില്‍, സമയം കിട്ടുമെങ്കില്‍ മിനിസ്റ്റര്‍ക്ക് അവിടെ ചെല്ലാന്‍ സാധിക്കുമോ? രോഹിത് വെമുലമാരെ ഇനിയും സൃഷ്ടിക്കാതിരിക്കാന്‍.
തമിഴ്നാട്ടില്‍ ഇടത് ഭരിച്ചിട്ടുപോലും ഇല്ല എന്നിട്ടും അവിടെ കമ്മ്യൂണിസം അന്നും ഇന്നും നേരിന്റെ പാതയില്‍ നില കൊള്ളുന്നു. ‘ജയ് ഭീം’ സിനിമ വിപ്ലവം തീര്‍ക്കുകയാണ്. സ്റ്റാലിന് അവിടെ ഭൂമി ഇല്ലാത്ത ആദിവാസി ജനതയ്ക്കു ഭൂമി പതിച്ചു നല്കുന്നു, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുന്നു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. അതൊക്കെ കണ്ട് ചോര തിളയ്ക്കാം. ഇന്നത്തെ കേരളജനതയ്ക്കു എന്തെങ്കിലും പ്രതീക്ഷിക്കാമോ?”
“ജാതിപീഡനം കൊണ്ട് ഗവേഷണം തടസ്സപ്പെട്ടുപോയ ദീപ മോഹനന് എന്ന പെണ്‍കുട്ടി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ദിവസങ്ങളോളമായി നിരാഹാരം കടക്കുന്നു. ഇന്നേവരെ ഈ പറയുന്ന നിങ്ങളോ ഏതെങ്കിലും ഇടത് മന്ത്രിമാരോ ജാതി പീഡനം ഏറ്റുവാങ്ങിയ ആ പെണ്‍കുട്ടിയെ കണ്മുന്നില് ഉണ്ടായിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല. എന്നിട്ടാണ് ഭീം സിനിമയെ പാടി പുകഴ്ത്തി നടക്കുന്നത്. ഉളുപ്പ് വേണം അല്പം ഉളുപ്പ്.”
“സവര്‍ണ്ണ സംവരണത്തെ ആഞ്ഞ് പിന്തുണച്ചവര്‍ വരെ ‘ജയ് ഭീം’ കണ്ടു കണ്ണീര് വാര്‍ക്കുന്ന പോസ്റ്റുകളാണ് രാവിലെ എഴുന്നേറ്റപ്പോ മുതല്‍ സ്ട്രീമില്‍. ഒരു മയത്തില്‍ ഷോ കാണിക്കൂ.”
“വളരെ നല്ല സിനിമ. സിനിമ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്നത്, ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ചു രജിത എന്ന വനിതാ പോലീസിനാല്‍ പരസ്യ വിചാരണ ചെയ്യപ്പെട്ട മൂന്നാം ക്ലാസുകാരിയെയാണ്. അവസാനം മൊബൈല്‍ തിരികെക്കിട്ടിയപ്പോള്‍ അവരുടെ ഒരു ഡയലോഗ് ഉണ്ട് ‘നിങ്ങളെപ്പോലെ ഉള്ളവര്‍ അത് ചെയ്യും.”
“മന്ത്രി തന്നെ പോസ്റ്റ് ഒന്നുകൂടി വായിച്ചുനോക്കി കോട്ടയത്തെ നിലവിലുള്ള പ്രശ്നത്തെ എങ്ങനെ സമീപിച്ചുഎന്ന് ആലോചിക്കണം.”

എം ജി സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാനോ സയന്‍സ് ഗവേഷക ദീപ പി മോഹനന് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഹൈക്കോടതി വിധിയുണ്ടായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ നടപടിയില്ലെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പഠനാവസരങ്ങള് നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചും തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ദീപയുടെ പരാതി. ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടുംസര്വ്വകലാശാലയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലാണ് വിവേചനമെന്ന് ദീപ പറയുന്നു.
2011-12ലാണ് ദീപ എംജിയു ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സില്‍ എം ഫില്‍ പ്രവേശനം നേടിയത്. തനിക്കൊപ്പം അഡ്മിഷനെടുത്ത രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം കാരണം കോഴ്സ് ഉപേക്ഷിച്ചെന്ന് ദീപ പറയുന്നു. പ്രൊജക്ട് ചെയ്യാന്‍ അനുവദിക്കാതെയും ടി സി തടഞ്ഞുവെച്ചും നന്ദകുമാര്‍ കളരിക്കല്‍ പഠനം തടസപ്പെടുത്തി. ദീപയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്കാതിരിക്കാന് ശ്രമിച്ചെങ്കിലും അര്‍ഹതയുള്ളതുകൊണ്ട് തടയാനായില്ല. 2012ല്‍ പൂര്‍ത്തിയാക്കിയ എം ഫില്‍ സര്‍ട്ടിഫിക്കറ്റ് 2015ലാണ് ദീപയ്ക്ക് ലഭിക്കുന്നത്. സ്വന്തം ഗവേഷണ ഫലങ്ങള്‍ ദീപ മോഷ്ടിച്ചതാണെന്ന് ആരോപണമുയര്‍ന്നു. മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരില്‍ ദീപയുടെ പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. 2015ല്‍ ദീപ നല്കിയ പരാതിയേത്തുടര്‍ന്ന് സര്‍വ്വകലാശാല രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ദീപയുടെ പരാതികളില്‍ പലതും ശരിവെയ്ക്കുന്നതായിരുന്നു ഡോ. എന്‍ ജയകുമാര്‍, ഇന്ദു കെ എസ് എന്നിവരുടെ കണ്ടെത്തലുകള്‍. 2018ലും 2019ലും ദീപയ്ക്ക് അനുകൂലമായ കോടതിവിധിയുണ്ടായെങ്കിലും സര്‍വ്വകലാശാല അവ അവഗണിച്ചു. ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ ഹൈക്കോടതി വിളിപ്പിച്ച് ശാസിച്ചെങ്കിലും സംരക്ഷിക്കുന്ന നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചത്.
നിരാഹാര സമരത്തിനിടെ നവംബര്‍ രണ്ടിന് സര്‍വ്വകലാശാല അധികൃതരുമായി ദീപ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നന്ദകുമാര്‍ കളരിക്കലിനെ റിസേര്‍ച്ച് സെന്ററില്‍ നിന്ന് മാറ്റണമെന്ന ദീപയുടെ ആവശ്യം വൈസ് ചാന്‍സലര്‍ തള്ളി. നന്ദകുമാറിനെ ഐഐയുസിഎന്‍എന്നില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന എം ജി വി സി സാബു തോമസിന്റെ വാദം കള്ളമാണെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി നീങ്ങിയതോടെ ഡയറക്ടര്‍ കൂടുതല്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്നും നന്ദകുമാറിന്റെ കീഴില്‍ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ദീപ പി മോഹനന് പറയുന്നു.