‘ചെല്ലാനം സംസ്ഥാനത്തിന്റെ ദുഃഖഭാവം’; തീരം സംരക്ഷിക്കാന്‍ 344 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: ചെല്ലാനം തീര സംരക്ഷണത്തിനായി 344 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാലതാമസമൊഴിവാക്കി ചെല്ലാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കാലവര്‍ഷത്തില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കടല്‍ കയറ്റവും തീര ശോഷണവും ഒഴിവാക്കുകയും ചെല്ലാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുനല്‍കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ചെല്ലാനം തീരദേശം സംസ്ഥാനത്തിന്റെ ദുഃഖഭാവം കൂടിയാണ്. പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രത്തില്‍നിന്നാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്‌സ്‌പോട്ടുകളിലാണ് ആദ്യഘട്ട നിര്‍മ്മാണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,300 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാവും ചെല്ലാനത്തെ പദ്ധതികള്‍ ക്രമീകരിക്കുക. ഇതിനായി ടൂറിസം കേന്ദ്രമെന്ന ആശയം ചെല്ലാനത്ത് നടപ്പിലാക്കും. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ പദ്ധതി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.