കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ആണ്‍സുഹൃത്തടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വിനോദ സഞ്ചാരകേന്ദ്രം കാണിച്ചുതരാമെന്ന് പറഞ്ഞ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ഇയാളും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തൊട്ടില്‍പ്പാത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച ശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടര്‍ന്ന് നാല് യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. ബോധം തെളിഞ്ഞപ്പോള്‍ ഇരുചക്രവാഹനത്തില്‍ ബന്ധുവീടിന് സമീപമെത്ത് വഴിയില്‍ ഇറക്കിവിട്ടു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പ്രദേശവാസികളായ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.