ബെസ്റ്റ് വിഷസ്, മൈ ബ്രദര്‍; സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസയുമായി സ്റ്റാലിന്‍

ചെന്നൈ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. എന്റെ സഹോദരന് ആശംസകള്‍ നേരുന്നു എന്നാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എന്ന സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും അശ്രാന്ത പരിശ്രമവും തുല്യതയിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും ജനങ്ങളെ നയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ഇന്ന് മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. മെയ് ഏഴിന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. പത്തുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഡിഎംകെ തമിഴകത്ത് അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയാവാനുള്ള സ്റ്റാലിന്റെ നാലര പതിറ്റാണ്ടുനീണ്ട കാത്തിരിപ്പ് വിഫലമായില്ല. എഐഎഡിഎംകെ-ബിജെപി കൂട്ടുകെട്ടിനെ തകര്‍ത്തായിരുന്നു ഡിഎംകെ സഖ്യത്തിന്റെ മുന്നേറ്റം. ആഭ്യന്തരം, പൊതുഭരണം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് സ്റ്റാലിനുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ ദിവസമായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്.