‘മാധ്യമപ്രവര്‍ത്തകര്‍ കൊവിഡ് മുന്നണിപ്പോരാളികള്‍’; വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എം കെ സ്റ്റാലിന്‍

കൊവിഡ് വ്യാപനത്തിനിടയിലും കര്‍മനിരതരായ മാധ്യമ പ്രവര്‍ത്തകരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍. വാക്‌സിനേഷന്‍ ഉള്‍പ്പെടെ ലഭ്യമാക്കാവുന്ന തരത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ഡിഎംകെ നേതാവ് സൂചിപ്പിച്ചു. യുപിഎയുടെ അധികാരമേല്‍ക്കലിനിടെയുള്ള ആദ്യ തീരുമാനമാണിത്. ട്വിറ്ററിലൂടെയാണ് തമിഴ്‌നാടിന്റെ നിയുക്ത മുഖ്യമന്ത്രിയുടെ പ്രതികരണം.

മഴയിലും വെയിലിലും പ്രളയത്തിലും സ്വന്തം ജീവിതം പണയം വെച്ച് പത്രങ്ങളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരേയും തമിഴ്‌നാട്ടില്‍ മുന്നണിപ്പോരാളികളായി കണക്കാക്കും. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന അവകാശങ്ങളും അവര്‍ക്ക് നല്‍കപ്പെടും.

എം കെ സ്റ്റാലിന്‍

മുന്‍പ് മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ് സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജേണലിസ്റ്റുകളെ കൊവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ചിരുന്നു. മറ്റ് കൊവിഡ് പോരാളികളേപ്പോലെ മാധ്യമപ്രവര്‍ത്തകരും ഫീല്‍ഡില്‍ ഇറങ്ങി അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുകയാണെന്ന് മമത ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. ജേണലിസ്റ്റുകള്‍ക്ക് മറ്റ് മേഖലകളിലെ ജീവനക്കാരേപ്പോലെ വീട്ടിലിരുന്ന് ജോലി ചെയ്യാനാകില്ല. ദിവസേന ജീവനും ആരോഗ്യവും അപകടത്തിലാക്കി പൊതുജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. ജേണലിസ്റ്റുകള്‍ കൊവിഡ് രോഗികളാകുകയും മരിച്ചുവീഴുകയും ചെയ്യുകയാണെന്നും കത്തിലുണ്ടായിരുന്നു.