ചെന്നൈ: പിപിഇ കിറ്റണിഞ്ഞ് കൊവിഡ് വാര്‍ഡുകളിലും ഐസിയുകളിലും സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് സ്റ്റാലിന് അറിയിച്ചു. തനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ലഭിച്ച ഉപദേശങ്ങള്‍ കേള്‍ക്കാതെയാണ് ഞാന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൊവിഡ് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുക എന്നതായിരുന്നു എന്റെ ലക്ഷ്യം’, സ്റ്റാലിന് ട്വീറ്റ് ചെയ്തു.
കോയമ്പത്തൂരിലെ ഇഎസ്ഐ ആശുപത്രിയിലും മെഡിക്കല്‍ കോളെജിലുമെത്തിയ സ്റ്റാലിന്, രോഗികളുടെ ആരോഗ്യനിലയെക്കുറിച്ച് വിശദമായി അന്വേഷിച്ചാണ് മടങ്ങിയത്. വൈദ്യശാസ്ത്രത്തിനപ്പുറം മറ്റുള്ളവരില്‍നിന്ന് ലഭിക്കുന്ന ആശ്വാസം രോഗിയുടെ മനസിനെ ശക്തിപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കാന് കര്മ്മബദ്ധരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.