‘നിലപാടുകളില്‍ അയവ് വരുത്തുക, ക്രിസ്ത്യന്‍ സമുദായത്തെ ചേര്‍ത്ത് നിര്‍ത്തുക’; കേരള ബിജെപിയോട് പ്രധാനമന്ത്രി മോഡി

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരള ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മോഡി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് രണ്ട് ദിവസത്തോളം നടത്തിയ യോഗത്തിനിടെയാണ് പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞതും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും.

ക്രൈസ്തവ സമുദായത്തെ കൂടുതലായി പാര്‍ട്ടിയോട് അടുപ്പിക്കണം. കടുത്ത നിലപാടുകളില്‍ പാര്‍ട്ടി അയവു വരുത്തി അവരെ ചേര്‍ത്തുനിര്‍ത്തണം.

നരേന്ദ്ര മോഡി

കേരളത്തിലെ വിഷയങ്ങള്‍ പാര്‍ട്ടി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കള്‍ മോഡിയെ ധരിപ്പിച്ചു. പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുണ്ടായ തിരിച്ചടിയും യോഗം അവലോകനം ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ മാത്രമായി ആശ്രയിക്കേണ്ടെന്ന നിഗമനമുണ്ടായെന്ന് സൂചനകളുണ്ട്.

Also Read: കുഴല്‍പ്പണത്തില്‍ കേരളത്തില്‍ നടന്നത് എന്ത്? കടുത്ത അതൃപ്തിയില്‍ ബിജെപി ദേശീയ നേതൃത്വം; ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിലെത്തി