അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് മരണാനന്തരം നടത്തിയ പരിശോധനയില്‍

തിരുവനന്തപുരം: അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് മരണാനന്തരം നടത്തിയ പരിശോധനാ ഫലം. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ പനിയും ശ്വാസതടസും നേരിട്ടിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സംസ്‌കരിക്കും.

നേരത്തെ വൈറസുകള്‍ ഇല്ലെന്ന ഇദ്ദേഹത്തിന്റെ വാദം വിവാദമായിരുന്നു. പ്രകൃതി ചികിത്സകനെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായര്‍ ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കൊവിഡ് ചികിത്സക്കായി മരുന്ന് കണ്ടെത്തിയെന്നും അദ്ദേഹം വാദിച്ചിരുന്നു. ചികിത്സാ പിഴവിനെത്തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചതില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.