മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം; ‘മോൺസ്റ്ററി’നെക്കുറിച്ച് മോഹൻലാൽ

‘മോൺസ്റ്റർ’ ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണെന്ന് മോഹൻലാൽ. വളരെ അപൂര്‍വ്വമായാണ് ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുന്നതെന്നും ഒരുപക്ഷെ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നതെന്നും മോഹൻലാൽ തന്നെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് സവിശേഷതകള്‍ ഉള്ള ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഉണ്ട്. ഇതിലെ പ്രമേയം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ഒരുപക്ഷെ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് നായകന്‍. തിരക്കഥ തന്നെയാണ് വില്ലന്‍. ഒരുപാട് സവിശേഷതകള്‍ ഉണ്ട്. വളരെ അപൂര്‍വ്വമായാണ് ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. വളരെയധികം ഹാപ്പിയാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചതില്‍.”

മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ ‘പുലിമുരുക’ന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിന് കഴിഞ്ഞദിവസം ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്ക് എന്നാണ് അറിയുന്നത്. യുഎഇയില്‍ ചിത്രത്തിന് ഇതുവരേയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

ആഗോളതലത്തില്‍ ഈ മാസം 21ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ തിരിച്ചടി. നിലവിലെ സാഹചര്യത്തില്‍ 21ന് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല. ഉചിതമായ മാറ്റങ്ങളോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് കൊടുത്തേക്കും. നാട്ടില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.