കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പിന്തുണയുമായി മോഹന്‍ലാല്‍; വിശ്വശാന്തി ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കുന്നത് ഒന്നരക്കോടിയുടെ ഉപകരണങ്ങള്‍

കൊവിഡ് വ്യാപനത്തിനിടെ സര്‍ക്കാരിന് പിന്തുണയുമായി മോഹന്‍ലാല്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രികള്‍ക്ക് ഒന്നരക്കോടിയോളം വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വിശ്വശാന്തി ഫൗണ്ടഷനിലൂടെ നല്‍കുകയാണെന്ന് നടന്‍ പറഞ്ഞു. തന്റെ 61-ാം ജന്മദിനത്തിലാണ് മോഹന്‍ലാലിന്റെ സഹായ പ്രഖ്യാപനം. ഫൗണ്ടേഷന്‍ വഴി ആശുപത്രികളില്‍ എത്തിച്ചതിന്റെ വീഡിയോയും നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍-സ്വകാര്യ, സഹകരണ മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ലഭ്യമാക്കി. വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐസിയു ബെഡ്ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. കൊവിഡ് ചികിത്സയ്ക്ക് സഹായമാകുന്ന പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍ ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കിയെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.

കൊവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനായി, ഇത്തരത്തില്‍ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ അടിയന്തിരമായി ആസൂത്രണം ചെയ്തുവരികയാണ്. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇവൈ ജിഡിഎസ് (ഇവൈ ജിഡിഎസ്), യുഎസ് ടെക്‌നോളജീസ് (യുഎസ്ടി) എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗമായ ഈ പദ്ധതിയില്‍ വിശ്വശാന്തിയോടൊപ്പം സഹകരിച്ച ഇവൈ ജിഡിഎസ്, യുഎസ്ടി എന്നീ സ്ഥാപനങ്ങള്‍ക്കും പങ്കാളികളായ എല്ലാ ആശുപത്രികള്‍ക്കും നന്ദി അറിയിക്കുന്നു.

കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

നിലവില്‍ സഹായം എത്തുന്ന ആശുപത്രികള്‍

കളമശ്ശേരി മെഡിക്കല്‍ കോളേജ്
എറണാകുളം ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി
ലക്ഷ്മി ആശുപത്രി, എറണാകുളം
ലക്ഷ്മി ആശുപത്രി, ആലുവ
തിരുവനന്തപുരം എസ് പി ഫോര്‍ട് ആശുപത്രി
എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷന്‍
തിരുവനന്തപുരം ആറ്റുകാല്‍ ദേവി ട്രസ്റ്റ് ആശുപത്രി എറണാകുളം കൃഷ്ണ ആശുപത്രി
കോട്ടയം ഭരത് ആശുപത്രി
എറണാകുളം സറഫ് ആശുപത്രി
പാലക്കാട് സേവന ആശുപത്രി
തിരുവനന്തപുരം ലോര്‍ഡ്‌സ് ആശുപത്രി
എറണാകുളം ലേക്‌ഷോര്‍ ആശുപത്രി
പട്ടാമ്പി സര്‍ക്കാര്‍ താലൂക്ക് ആശുപത്രി