മോന്‍സണ്‍ തട്ടിപ്പ്: തനിക്കെതിരെ വാട്ടിവളച്ച് എഴുതിയവര്‍ക്കുനേരെ നിയമനടപടിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. തന്റെ കയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാകാര്യങ്ങളെക്കുറിച്ചും എന്റെ കയ്യില്‍ രേഖകളും റെക്കോര്‍ഡുകളുമുണ്ട്. അതല്ലാതെ, വാട്ടിവളച്ചെഴുതിയ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’, സുധാകരന്‍ പറഞ്ഞതിങ്ങനെ.

മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡന പരാതിയുന്നയിച്ചിട്ടുള്ളവര്‍ സുധാകരന്റെ പേരും പറഞ്ഞിട്ടുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്നും തെളിവുകള്‍ കൈവശമുള്ളവര്‍ അത് പുറത്തുവിടട്ടെ, താന്‍ വെല്ലുവിളിക്കുകയാണ് എന്നുമായിരുന്നു സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.