‘പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിദ്യാഭ്യാസ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

2019-ല്‍ വൈലോപ്പിള്ളി നഗറിലെ മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തായിരുന്നു അതിക്രമം. 17 വയസുള്ളപ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോക്‌സോ കേസെടുത്തിരിക്കുന്നത്.

മോന്‍സന്റെ സ്വാധീനം എത്രയാണെന്ന് അറിയാമെന്നും പേടികൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴിയെന്നാണ് വിവരം.

പുരാവസ്തു തട്ടിപ്പുമായി മോന്‍സണ് എതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. അതുകൊണ്ടുതന്നെ, നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പോക്‌സോ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്പര്‍ഡന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.