മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: അനിതാ പുല്ലയിലിന്റെ മൊഴിയെടുത്തു, ചോദിച്ചറിഞ്ഞത് സാമ്പത്തിക ഇടപാട്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തില്‍ വിദേശ മലയാളി അനിതാ പുല്ലയിലിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സണുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മോന്‍സണിന്റെ പുരാവസ്തു തട്ടിപ്പുകളില്‍ അനിതാ പുല്ലയില്‍ പ്രധാന കണ്ണിയായെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അനിതയും മോന്‍സണും തമ്മില്‍ എതിരഭിപ്രായങ്ങളുണ്ടായതിന് ശേഷമാണ് തട്ടിപ്പ് സംബന്ധിച്ച പരാതിയടക്കമുള്ള കാര്യങ്ങള്‍ പുറത്തെത്തിയത്. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കള്‍ കൃത്രിമമായി നിര്‍മ്മിച്ചവയാണെന്ന് അനിതയ്ക്ക് അറിയാമായിരുന്നു. തട്ടിപ്പിനെക്കുറിച്ച് 2019 മുതല്‍ അനിതയ്ക്ക് വ്യക്തമായ വിവരമുണ്ടായിരുന്നെന്ന ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും വഴക്കുണ്ടായി പിരിഞ്ഞതിന് ശേഷമാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നുമാണ് അനിത ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

മോന്‍സണുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് അനിത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് അവര്‍ ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചതെന്നാണ് വിവരം. രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാണെന്നും അനിത അറിയിച്ചു. ഉന്നതരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പില്‍ അനിത പങ്കാളിയായിട്ടുണ്ടോ എന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.