മോന്‍സണ്‍ അറസ്റ്റിലായെന്ന് അറിയിച്ചത് അനിത, മറുപടി ഡിലീറ്റ് ചെയ്ത് ഐജി ലക്ഷ്മണ്‍; വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ലോക കേരള സഭാംഗം അനിത പുല്ലയില്‍ ട്രാഫിക് ഐ.ജി ജി ലക്ഷ്മണയ്ക്കയച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മോന്‍സന്റെ അറസ്റ്റിനെക്കുറിച്ച് ഐ.ജിയെ അറിയിക്കുന്ന തരത്തിലുള്ള സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സണ്‍ അറസ്റ്റിലായ ദിവസം ‘ഇന്ന് വൈകീട്ട് മോന്‍സണെ കേരള പൊലീസ് അറസ്റ്റ് ചെയ്തു’ എന്ന സന്ദേശമാണ് അനിത ഐ.ജി ലക്ഷ്മണന് അയച്ചത്. ഇതിന് ഐ.ജി നല്‍കിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്.

മോന്‍സണെക്കുറിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രണ്ട് വര്‍ഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നതായും അനിത വാട്‌സാപ്പ് സന്ദേശത്തിലൂടെ ഐ.ജിയെ അറിയിച്ചിട്ടുണ്ട്. മോന്‍സണ് എന്തുതരം ഇടപാടാണുള്ളതെന്ന് ബെഹ്‌റ ചോദിച്ചതായാണ് അനിത പറയുന്നത്. ഇവയ്‌ക്കെല്ലാം ഐ.ജി നല്‍കിയ മറുപടി ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മോന്‍സണുവേണ്ടി ഐ.ജി പലഘട്ടങ്ങളിലായി ഇടപെടലുകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായിരിക്കുന്നത്.

മോന്‍സണ്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ സെപ്തംബര്‍ 25-26 തിയതികള്‍ക്കിടയിലുള്ള സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പങ്കുവെക്കാമെന്നും മോന്‍സന്റെ കൂട്ടാളിയായ നിധി തട്ടിപ്പുകാരിയാണ്, കരുതിയിരിക്കണം എന്ന മുന്നറിയിപ്പും അനിത ഐ.ജിക്ക് നല്‍കിയിട്ടുണ്ട്.

മോന്‍സണനെതിരെ പരാതിയുയര്‍ന്ന ആദ്യഘട്ടത്തില്‍ത്തന്നെ ഐ.ജി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍നിന്നും ചേര്‍ത്തല എസ്.എച്ച്.ഒയ്ക്ക് കൈമാറാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടതിന്റെ ഇ-മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പ് മോന്‍സണ്‍ പരാതിക്കാര്‍ക്ക് അയച്ച് നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

Also Read: പൊലീസ് കെണിയൊരുക്കിയത് എനിക്ക്, വീണത് അവനെന്ന് വിനു വി ജോണ്‍; ഏഷ്യാനെറ്റ്-24 ന്യൂസ് ചാനലുകള്‍ തമ്മില്‍ വാക് പോര് തുടരുന്നു

ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നതരെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബെഹ്‌റയെ മോന്‍സന്റെ മ്യൂസിയത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്തതും ഇവരായിരുന്നു. മോന്‍സണിന്റെ തട്ടിപ്പിന്റെ വിവരങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനായി അനിതയെ ക്രൈംബ്രാഞ്ച് ഉടന്‍ വിദേശത്തുനിന്നും കേരളത്തിലെത്തിച്ച് ചോദ്യം ചെയ്‌തേക്കും.

കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നാണ് അനിത വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പ്രതികരണം. ഒരു തട്ടിപ്പുകാരനെക്കുറിച്ച് വിവരം നല്‍കിയ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും മോന്‍സണുമായി താന്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവയ്‌ക്കെല്ലാം ബാങ്ക് രേഖകളുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.