‘കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു, പലരുമിനി നീന്തി രക്ഷപ്പെടും’; എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം

കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന എ.വി ഗോപിനാഥിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് സിപിഐഎം. എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് സിപിഐഎം പത്രക്കുറിപ്പില്‍ പറഞ്ഞു.

തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് കപ്പലില്‍ നിന്ന് കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലില്‍ നിന്ന് സ്വയം നീന്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിന് വേണ്ടി ദീര്‍ഘകാലം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സിപിഐഎം

ജനതാല്‍പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു. മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന എ.വി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത എ.വി ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്കും ഒന്നിച്ച് അണിനിരക്കാന്‍ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

എ.വി ഗോപിനാഥിന്റെ രാജി ഒരു തുടക്കം മാത്രമെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എ.കെ ബാലന്‍ പറഞ്ഞത് കോണ്‍ഗ്രസുമായുള്ള വാക്‌പോരിലെത്തി. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോപിനാഥിന്റെ പാത പിന്തുടരുമെന്നും അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ലെന്നും ബാലന്‍ പറഞ്ഞു. എ.കെ ബാലന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആഗ്രഹിക്കുകയാണെന്നും രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ അവസ്ഥയാവും അദ്ദേഹത്തിനെന്നും എംപി വി.കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.

Also Read: എ.വി ഗോപിനാഥിന്റെ രാജി തുടക്കം മാത്രമെന്ന് എ.കെ ബാലന്‍; ആടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാന്‍ കൊതിച്ച കുറുക്കന്റെ അവസ്ഥയാണ് ബാലന്റേതെന്ന് വി.കെ ശ്രീകണ്ഠന്‍