ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവസാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രധാന പ്രഖ്യാപനം പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ അടുത്ത വര്‍ഷം സെപ്തംബറില്‍ തെരഞ്ഞെടുക്കുമെന്നും അതിന് മുമ്പേ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമെന്നായിരുന്നു. ഈ പ്രഖ്യാപനം ചര്‍ച്ചയായെങ്കിലും ചര്‍ച്ചയാവാതെ പോയ ഒന്നുണ്ടായിരുന്നു. തിരിച്ചു വരവിന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന പുതിയ തന്ത്രത്തെ കുറിച്ചായിരുന്നു അത്.
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വിവരം ചരണ്‍ജിത്ത് സിംഗ് ചന്നിയെ താന്‍ അറിയിച്ചപ്പോള്‍ അദ്ദേഹം കരയുകയും ഒരു സാധാരണ ദളിത് കുടുംബത്തില്‍ നിന്നൊരു നേതാവിനെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും തന്നോട് പറഞ്ഞതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി അറിയുന്നു. നേരത്തെ അശോക് ഗെഹ്ലോട്ടിനെയും കമല്‍ നാഥിനെയും ഭൂപേഷ് ഭാഗെലിനെയും മുഖ്യമന്ത്രിയാണെന്ന് അറിയിച്ചപ്പോഴൊന്നും ഇതേ തരത്തിലായിരുന്നില്ല പ്രതികരണമെന്നും രാഹുല്‍ പറഞ്ഞു.
ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പഞ്ചാബിന്റെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് കഴിഞ്ഞ മാസം പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ഉത്തരാഖണ്ഡിലും ഒരു ദളിത് മുഖ്യമന്ത്രിയെ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഹരീഷ് റാവത്തിന്റെ വാക്കുകള്‍.
ഈ വാക്കുകളും നീക്കങ്ങളുമെല്ലാം ചേര്‍ത്ത് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് പുതിയ സ്വാധീന മേഖല ഉണ്ടാക്കാന്‍ പോകുന്നുവെന്നാണ്. അല്ലെങ്കില്‍ ഇടക്ക് ക്ഷീണിച്ചു പോയ തങ്ങളുടെ പഴയ സ്വാധീന മേഖലയെ ഊര്‍ജ്ജസ്വലമാക്കാന്‍ പോകുന്നുവെന്നാണ്. ദളിത്-പിന്നോക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ തന്ത്രം.
പഞ്ചാബിലെ സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതെങ്കിലും അത് കോണ്‍ഗ്രസിന് കുറച്ച് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രാതിനിധ്യം നല്കാന് കോണ്‍ഗ്രസ് തയ്യാറാണ് എന്ന സന്ദേശമാണ് താഴേതട്ടിലേക്ക് ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.
ചന്നി പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രി മാത്രമല്ല. രാജ്യത്തെ ഏക ദളിത് മുഖ്യമന്ത്രി കൂടിയാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ദളിത് വിഭാഗത്തില്‍ നിന്നാണ്.
മറ്റ് രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാലി വിഭാഗത്തില്‍ നിന്നും ഭൂപേഷ് ഭാഗെല്‍ കുര്‍മി വിഭാഗത്തില്‍ നിന്നുമാണ്. കൂടുതല്‍ ബിജെപി മുഖ്യമന്ത്രിമാരും ഉയര്‍ന്ന സമുദായങ്ങളില്‍ നിന്നുള്ളവരാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് മാത്രമാണ് പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളൂ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാവട്ടെ, അസമില്‍ താരതമ്യേന ജനകീയനായിരുന്ന, ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സര്‍ബാനന്ദ സോനോവാളിനെ മാറ്റി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ഹിമന്ത ബിശ്വശര്‍മ്മക്ക് മുഖ്യമന്ത്രി കസേര ബിജെപി നല്കി.
കേന്ദ്രത്തിലാവട്ടെ, രാജ്യസഭയിലെ ബിജെപി കക്ഷി നേതാവായിരുന്ന തവാര്‍ ചന്ദ് ഗെഹ്ലോട്ട് ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു. തവാറിനെ മാറ്റി ബനിയ വിഭാഗത്തില്‍ നിന്നുള്ള പിയൂഷ് ഗോയലിനെ ബിജെപി നിയമിച്ചു.
കൂടുതല്‍ ദളിത്-പിന്നോക്ക നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. ഗുജറാത്തിലെ ദളിത് നേതാവും വാഡ്ഗാം എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ബീഹാറില്‍ പപ്പു യാദവിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും. കോസി മേഖലയിലെ യാദവരുടെ ഇടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും പപ്പു യാദവിന് മോശമല്ലാത്ത സ്വാധീനമുണ്ട്.
‘കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തിലുള്ള മാറ്റം താഴെ തട്ടിലും മാറ്റം കൊണ്ടുവരും’, രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് പുതിയൊരു ആലോചന രൂപംകൊണ്ടിട്ടുണ്ട്. പ്രത്യേകിച്ച് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍. ദേശീയ തലത്തില്‍ ബിഎസ്പിയും ഇടതുകക്ഷികളും തകര്‍ച്ചയിലാണ്. അത് കൊണ്ട് തന്നെ ദളിത് അനുകൂലവും ദരിദ്ര പക്ഷത്തോടൊപ്പം നില്ക്കുന്നതുമായ രാഷ്ട്രീയം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചാല്‍ വലിയ സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാനും ഈ രാഷ്ട്രീയം സഹായിക്കുമെന്ന് ധാരണയുണ്ട്.
ലോക്നീതി-സി.എസ്.ഡി.എസ് ഡാറ്റ പ്രകാരം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 59% സവര്‍ണ്ണ വിഭാഗ വോട്ടുകളും 54% പിന്നോക്ക വോട്ടുകളും 46% ആദിവാസി വോട്ടുകളും 41% ദളിത് വോട്ടുകളും എന്‍ഡിഎ നേടി. എന്നാല്‍ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ഈ കണക്കില്‍ മാറ്റം വരുന്നുണ്ട്.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിഎക്ക് മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലും ജാര്‍ഖണ്ഡിലും പഞ്ചാബിലും എന്‍ഡിഎക്കാളും ദളിത് വോട്ടുകള്‍ നേടാന്‍ യുപിഎക്ക് കഴിഞ്ഞെന്ന് സി.എസ്.ഡി.എസ് സര്‍വ്വേ പറയുന്നു. എന്നാല്‍ ഹരിയാനയിലും ബീഹാറിലും യുപിഎ ദളിത് വോട്ടുകള്‍ നേടുന്നതില്‍ പിന്നോക്കം പോയി.
ഉത്തര്‍പ്രദേശില്‍ ദളിത്-പിന്നോക്ക വോട്ടുകള്‍ നേടുന്നതില്‍ കോണ്‍ഗ്രസ് ബിജെപിയുടെയും മഹാസഖ്യത്തിന്റെയും പിന്നില്‍ പോയി. മഹാരാഷ്ട്രയില്‍ ദളിത് വോട്ടുകള്‍ സ്വന്തമാക്കുന്നതില്‍ ബിജെപിയും വഞ്ചിത് ബഹുജന്‍ അഘാഡിയും കോണ്‍ഗ്രസിനേക്കാള്‍ അല്‍പ്പം മുന്നിലാണെന്ന് സി.എസ്.ഡി.എസ് സര്‍വ്വേ പറയുന്നു.
മേല്പറഞ്ഞതില് പഞ്ചാബൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും എന്‍ഡിഎ ഭരിക്കുന്നതാണ്. പക്ഷെ ഹരിയാനയും ബീഹാറും ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളില്‍ സവര്‍ണ്ണ സമുദായങ്ങളും പിന്നോക്ക വിഭാഗങ്ങളും ആദിവാസികളും ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്നത് പോലെ ദളിതുകള്‍ അണിനിരക്കുന്നില്ല.
ഈ കണക്കുകള്‍ പറയുന്നത് ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ശക്തമായ ദളിത് വോട്ട് ബാങ്ക് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ടെന്നതാണ്. പിന്നോക്ക വിഭാഗങ്ങളെയും സമാനരീതിയില്‍ അണിനിരത്തുന്നതിനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
പുതിയ നേതാക്കളെ ഇത്തരത്തില്‍ കണ്ടെത്തുന്നതോടെ പഴയ പടക്കുതിരകളെ മാറ്റിനിര്‍ത്താമെന്നും രാഹുല്‍ ക്യാമ്പ് കരുതുന്നു. അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്നെ അതിനുദാഹരണമായി അവര്‍ പറയുന്നു.
കടപ്പാട്: ദ ക്വിന്റ്