‘കോണ്‍ഗ്രസില്‍നിന്നും കേരള കോണ്‍ഗ്രസിലേക്ക് നിരവധി നേതാക്കളെത്തും’; പേര് വെളിപ്പെടുത്താതെ ജോസ് കെ മാണി

കോട്ടയം: യുഡിഎഫില്‍നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് നിരവധി നേതാീക്കളെത്തുമെന്ന് ഉറപ്പിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. പല നേതാക്കളും പാര്‍ട്ടിയിലേക്കെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്യ ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചിട്ടുള്ളതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ജനപിന്തുണയുള്ള, സ്വാധീനമുള്ള നേതാക്കള്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’, ജോസ് കെ മാണി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്ന് നിരവധിപ്പേരെത്തുമെന്നും ജോസ് അവകാശപ്പെട്ടു.

Also Read: വാര്‍ത്ത തെറ്റ്; ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് ജോസ് കെ മാണി; ‘അതിനൊരു സാധ്യതയുമില്ല’

ജോസഫ് ഗ്രൂപ്പില്‍നിന്നും ജോസ് പക്ഷത്തേക്ക് നേതാക്കളടക്കം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോസ് കെ മാണിയുമായി ചില മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാത്ത നേതാക്കളെ ഉന്നംവെച്ചാണ് ജോസ് പക്ഷത്തിന്റെ നീക്കം.

ജോസഫ് വിഭാഗത്തിലെയും കോണ്‍ഗ്രസിലെയും അതൃപ്തരായ നേതാക്കളെയും പ്രവര്‍ത്തകരെയും പാളയത്തിലെത്തിക്കാനുള്ള ജോസിന്റെ ശ്രമങ്ങള്‍ക്ക് സിപിഐഎം പിന്തുണയുമുണ്ട്. മധ്യകരേളത്തിലെ യുഡിഎഫ് സ്വാധീന നേഖലകളില്‍ കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ച് ശക്തി വര്‍ധിപ്പിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം പത്തനംതിട്ടയിലേയും എറണാകുളത്തെയും ചില ജോസഫ് പക്ഷക്കാരുമായി ജോസ് കെ മാണി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

Also Read: അതൃപ്തരായ ജോസഫ് പക്ഷക്കാരെ പാളയത്തിലെത്തിക്കാന്‍ ജോസ് കെ മാണി; മധ്യകേരളം ഉന്നമിട്ട് പിന്തുണച്ച് സിപിഐഎം, മുതിര്‍ന്ന നേതാക്കളെത്തിയേക്കും