സംസ്ഥാനത്തെ 318 ബൂത്തുകളില്‍ ബിജെപിയ്ക്ക് പൂജ്യം വോട്ട്; മഞ്ചേശ്വരത്ത് രണ്ടിടത്ത് സീറോ, പൂജ്യം കിട്ടിയവരില്‍ എംടി രമേശും കൃഷ്ണകുമാറും

സംസ്ഥാനത്ത് 318 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് പൂജ്യം വോട്ട്. പൂജ്യം നല്‍കിയവയില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ ബൂത്തുകളുമുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് രണ്ട് ബൂത്തുകളില്‍ ഒരു വോട്ട് പോലും എന്‍ഡിഎയ്ക്ക് കിട്ടിയിട്ടില്ല. സുരേന്ദ്രന് ഒറ്റ വോട്ടും കൊടുക്കാത്ത രണ്ട് ബൂത്തുകള്‍ കോന്നിയിലുമുണ്ട്. 54, 212 ബൂത്തുകളിലെ ആരും ബിജെപി സംസ്ഥാന അദ്ധ്യക്ഷന് വോട്ട് ചെയ്തില്ല. സംസ്ഥാനത്തെ 59 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടു നല്‍കാത്ത ബൂത്തുകളുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

70 മണ്ഡലങ്ങളിലെ 493 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ട് വീതമാണ് സമ്പാദ്യം. ആയിരത്തിലധികം ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ വോട്ട് മാത്രം. പൂജ്യം കിട്ടിയവരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും നടന്‍ ജി കൃഷ്ണകുമാറും ഉള്‍പ്പെടുന്നു. കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ എം ടി രമേശിന് പൂജ്യം വോട്ടാണ് നല്‍കിയത്.

കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരം സെന്‍ട്രലിലെ എട്ട് ബൂത്തില്‍ പൂജ്യം. അഞ്ചിടങ്ങളില്‍ കൃഷ്ണകുമാറിന് ഓരോ വോട്ട് വീതമാണ് ലഭിച്ചത്. 19 ബൂത്തുകളിലാകട്ടെ അഞ്ചില്‍ താഴെയും.

മലപ്പുറത്ത് 15 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വോട്ടില്ലാ ബൂത്തുകളുണ്ട്. പൊന്നാനിയിലാണ് എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടില്ലാ ബൂത്തുകളുള്ളത്. 34 ബൂത്തുകളില്‍ ആരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തില്ല. ഒറ്റ വോട്ട് കിട്ടിയ ബൂത്തുകള്‍ 16. താനൂരില്‍ 21 ബൂത്തുകള്‍ പൂജ്യം വോട്ടുകളും 22 ബൂത്തുകള്‍ ഓരോ വോട്ടുമാണ് എന്‍ഡിഎയ്ക്ക് നല്‍കിയത്.

കോഴിക്കോട് ജില്ലയില്‍ 9 ബൂത്തില്‍ പൂജ്യമാണ്. കോഴിക്കോട് സൗത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ നവ്യ ഹരിദാസിന് അഞ്ച് ബൂത്തുകളില്‍ നിന്ന് വോട്ട് കിട്ടിയില്ല.

കണ്ണൂര്‍ ജില്ലയിലെ ഏഴ് ബൂത്തുകള്‍ ബിജെപിക്ക് പൂജ്യം നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് 50,395 വോട്ട് നേടിയ കാസര്‍കോട് വോട്ട് നേടിയ കാസര്‍കോട് മണ്ഡലത്തിലെ 10 ബൂത്തില്‍ ഒറ്റ വോട്ട് പോലുമില്ല.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പിക്കാന്‍ ബിജെപി യുഡിഎഫിന്റെ പി സി വിഷ്ണുനാഥിന് വോട്ടുമറിച്ചെന്ന ആരോപണമുണ്ടായതാണ് കുണ്ടറ മണ്ഡലത്തില്‍. കുണ്ടറയിലെ എട്ട് ബൂത്തില്‍ ബിജെപി പൂജ്യമാണ്. എട്ടിടത്താകട്ടെ ഒരു വോട്ട് മാത്രവും. കൊച്ചി മണ്ഡലത്തില്‍ 11 ബൂത്തില്‍ എന്‍ഡിഎയ്ക്ക് വോട്ടില്ല. കോതമംഗലത്ത് എന്‍ഡിഎയ്ക്ക് വോട്ടുകൊടുക്കാത്ത ആറ് ബൂത്തുകളുണ്ട്. എട്ടിടത്ത് ഓരോ വോട്ടുകള്‍ വീതവും.

ബിഡിജെഎസ് നേതാവ് എംപി സെന്‍ മത്സരിച്ച പൂഞ്ഞാറില്‍ എന്‍ഡിഎയ്ക്ക് വോട്ടില്ലാത്തത് 17 ബൂത്തുകളിലാണ്. 11 ബൂത്തുകളില്‍ ഓരോ വോട്ട് വീതവും.

യുവമോര്‍ച്ചാ നേതാവ് അനൂപ് ആന്റണി മത്സരിച്ച അമ്പലപ്പുഴയില്‍ വോട്ട് കൊടുക്കാത്ത ഒരു ബൂത്തുണ്ട്. കായംകുളത്ത് പൂജ്യം നല്‍കിയ ബൂത്തുകള്‍ നാല്. തിരുവനന്തപുരം വാമനപുരത്തും എന്‍ഡിഎ മൂന്ന് ബൂത്തുകളില്‍ പൂജ്യമാണ്. കോവളത്തും മൂന്ന് ബൂത്തില്‍ വോട്ടില്ല