മോഹന്‍ലാലിന് 36 വര്‍ഷം വേണ്ടി വന്നു, ബിജെപി ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് 400 കോടി ക്ലബ്ബില്‍ കയറി; മുകേഷ്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ പരിഹസിച്ച് മുകേഷ് എംഎല്‍എ. നിയമസഭയില്‍ ബജറ്റിന്‍ മേലുള്ള പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

മോഹന്‍ലാലിന് 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബില്‍ കയറി. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ച് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയെന്നും മുകേഷ് പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി അതിന്റെ കേരള ഘടകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമായി പ്രത്യേക കുഴല്‍ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. ഭഗവാന്റെ ഓടക്കുഴലിനേക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ഇപ്പോള്‍ അവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കുഴലിനേയാണെന്ന് മുകേഷ് പറഞ്ഞു.

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിന് ശേഷം അടുത്ത ഇലക്ഷന് താമര മാറ്റി, കുഴല്‍ ചിഹ്നമാക്കുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.