മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി; ബംഗാളില്‍ ബിജെപിക്ക് മേല്‍വിലാസമുണ്ടാക്കിയ നേതാവ്

കൊല്‍ക്കത്ത: മമത ബാനര്‍ജിയെ കൈയ്യൊഴിഞ്ഞ് ബിജെപിയില്‍ ആദ്യമെത്തിയ നേതാവും ഇപ്പോള്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുമായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. മകന്‍ ശ്രുഭാംശു റോയിക്കൊപ്പമാണ് തന്റെ പഴയ തട്ടകത്തിലേക്കുള്ള മടക്കം.

മമത ബാനര്‍ജിയുടെ കോര്‍ ടീം അംഗമായിരുന്ന മുകുള്‍ റോയ് 2017ലാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. ബംഗാളില്‍ അടിത്തറ പണിയാന്‍ കഠിന പ്രയത്നത്തിലായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം റോയിയുടെ വരവ് വലിയ കരുത്തായി.

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 42ല്‍ 18 സീറ്റുകള്‍ സ്വന്തമാക്കി തൃണമൂലിനെ ഞെട്ടിക്കുന്നതിലേക്ക് വളര്‍ന്നതിന് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍ റോയിയുടെതായിരുന്നു.

മുകുള്‍ റോയ്, പാര്‍ട്ടിയില്‍നിന്നും നേരിടുന്ന അവഗണനയില്‍ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ നേരത്തെ പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ മടങ്ങിവരവിന് ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു മുകുള്‍ റോയിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

അവഗണനകള്‍ക്ക് പുറമെ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തൃണമൂലില്‍നിന്നും ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതും മുകുള്‍ റോയിയെ ചൊടിപ്പിച്ചിരുന്നു.