മുല്ലപ്പെരിയാര്‍ വിഷയം സംസ്ഥാന സര്‍ക്കാര്‍ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് സംവിധായകന് ഭദ്രന്. ഡെമോക്ലീസിന്റെ വാള് പോലെ കേരളത്തിന്റെ നെറുകയിലേക്ക് ചൂണ്ടിനില്ക്കുകയാണ് മുല്ലപ്പെരിയാറെന്ന് ഭദ്രന് പറഞ്ഞു. മാറിവരുന്ന സര്‍ക്കാരുകളോ കോടതികളോ അതിന്റെ ഭയാനകമായ വശങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നില്ല. മുല്ലപ്പെരിയാര്‍ ഡീക്കമ്മീഷന്‍ ചെയ്യുക എന്ന യാഥാര്‍ഥ്യത്തെ തനിക്ക് മറിച്ച് പറയാന്‍ കഴിയില്ലെങ്കിലും അതിന് മറ്റൊരു വശമുണ്ടെന്ന് സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ മലയാളികളും തമിഴ്നാട് സ്വദേശികളും തമ്മില്‍ സംഘര്‍ഷമുണ്ടായത് ഭദ്രന് ചൂണ്ടിക്കാണിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നമ്മുടെ നാടിന്റെ സുരക്ഷിതത്വം അവഗണിച്ചുകൊണ്ട്, തമിഴ്നാടിന് നമ്മള് എന്തിന് വെള്ളം കൊടുക്കണം’ എന്ന ചില അഭിപ്രായങ്ങളോട് തമിഴ് മക്കള്‍ വിയോജിക്കുകയായിരുന്നില്ല, പകരം കലാപം അഴിച്ചു വിടുകയായിരുന്നു. താന്‍ ചെന്നൈയില്‍ താമസിക്കുമ്പോള്‍ അത് കണ്ടതാണെന്നും സംവിധായകന് അഭിപ്രായപ്പെട്ടു.
മലയാളികളുടെ ഒരുതരി മണ്ണുപോലും തമിഴ്നാട്ടില്‍ വെച്ചേക്കില്ല എന്നതായിരുന്നു അന്നത്തെ അവരുടെ ഗര്‍ജ്ജനം. എന്റെ പല സുഹൃത്തുക്കളുടെയും സ്വര്‍ണ്ണക്കടകള്‍ ആമത്താഴിട്ട് പൂട്ടി ബോംബെയ്ക്ക് കടന്നത് എനിക്കറിയാം.
ഭദ്രന്
ഒരു തമിഴന് കേരളത്തില്‍ ഉള്ളതിനേക്കാള്‍ എത്രയോ മലയാളികളുടെ സമ്പത്തും ജീവനും തമിഴ്നാട്ടില്‍ കെട്ടിക്കിടക്കുന്നു. അതുകൊണ്ടുതന്നെ വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. തമിഴ്നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് സമൃദ്ധിയണിഞ്ഞ് നില്ക്കുമ്പോള് ഒരു ഡീക്കമ്മീഷന്‍ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കില്ലേ എന്ന് എനിക്ക് ഒരു സംശയം. എനിക്ക് അവിടുത്തെ മനുഷ്യരുടെ ഭ്രാന്തമായ സ്വഭാവ വൈകൃതങ്ങള്‍ നേരിട്ട് അറിയാം.
ലോകപ്രശസ്തരായ ടെക്നിക്കല്‍ ക്രൂ അടങ്ങിയ വലിയ കമ്പനികളെ ക്ഷണിച്ച് ഒരു നിഷ്പക്ഷമായ പഠനം നടത്തിയാല്‍ അവരും പറയുക ഡാം ഡീ കമ്മീഷന് ചെയ്തുകൊള്ളുക, ഇല്ലെങ്കില്‍ ചൈനയില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്ന് തന്നെയായിരിക്കും. ഈ ഡോക്യുമെന്റ് കേരള സര്‍ക്കാരിന് സുപ്രീം കോടതിയിലേക്ക് ഒരിക്കല്‍ കൂടിയുള്ള ചുവടാണ്.
വിദഗ്ധര്‍ പറയുന്നതുപോലെ ഡാമിന്റെ ഇപ്പോഴത്തെ അനുവദനീയമായ 140 അടിയില്‍ നിന്നും കേവലം 50 അടിയാക്കി ചുരുക്കി, ഭൂഗര്‍ഭത്തിലൂടെ വലിയ ടണലുകള്‍ വഴി തമിഴ്നാടിന് ഇപ്പോള്‍ കൊടുക്കുന്നതിലും വലിയ തോതില്‍ ഉള്ള ജലസ്രോതസ്സ് ലഭിക്കില്ലേ? അങ്ങനെ പരിമിതമായ അളവില്‍ വെള്ളം ഡാമില്‍ സൂക്ഷിച്ചാല്‍ ഈ ബലക്ഷയത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയും ഒപ്പം ആവശ്യമായ സങ്കര സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ചു ബലപ്പെടുത്താന്‍ സാധ്യമാവില്ലേ? അതുകൊണ്ട് വിവേകത്തോടെയും ഇച്ഛാ ശക്തിയോടെയും സര്‍ക്കാര്‍ കാര്യങ്ങള്‍ പഠിച്ചു ചെയ്യാനുള്ള വകതിരിവ് കാണിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കപ്പെട്ടതിനു ശേഷമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ചാട്ടത്തിന് പ്രസക്തിയുള്ളൂ. തമിഴ് പാട്ടുകളും, ക്ലാസ്സിക്കുകളും, സിനിമകളും അവിടുത്തെ താരങ്ങളെയും മുക്തകണ്ടം ശിരസ്സില്‍ സ്വീകരിച്ചിട്ടുള്ള മലയാളിയെ അവരില്‍ നിന്നും പിരിക്കരുതെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്യണമെന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്നെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള അനക്സ് ഇടുക്കി വിത്ത് ടിഎന്‍ എന്ന ഹാഷ്ടാഗില് നിരവധി പ്രതികരണങ്ങള്‍ ട്വിറ്ററിലെത്തുന്നുണ്ട്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം ഹാഷ്ടാഗ് മലയാളി സെലിബ്രിറ്റികളടക്കം ഏറ്റെടുത്ത് പ്രതികരണങ്ങള്‍ തുടരവെയാണിത്.
‘ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കുന്നതാണ് ശാശ്വത പരിഹാരം, ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്, മുല്ലപ്പെരിയാര്‍ ഡാം മാത്രമല്ല ഇടുക്കിയും തമിഴ്നാടിന്റേതാണ്, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, മുല്ലപ്പെരിയാര്‍ ഡാമും ഇന്നത്തെ ഇടുക്കി ജില്ലയും ബ്രിട്ടീഷ് ഭരണകാലത്ത് മധുരൈ ജില്ലയുടെ ഭാഗമായിരുന്നു, അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണം, നഷ്ടപ്പെട്ടുപോയ തമിഴ് മണ്ണ് തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണിത്’ എന്നിങ്ങനെയെല്ലാമാണ് പ്രതികരണങ്ങള്‍. പഴയ മാപ്പുകളും ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്നവരുടെ ജനസംഖ്യയുമെല്ലാം ട്വീറ്റുകള്ക്കൊപ്പമുണ്ട്. ക്യാംപെയ്ന് മറുപടി നല്‍കിക്കൊണ്ട് ഒരു വിഭാഗം മലയാളി ട്വിറ്റര്‍ ഹാന്‍ഡിലുകളും രംഗത്തുണ്ട്.