‘മഹാനടന്‍മാരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കും’; പൃഥ്വിരാജിന് ഐക്യദാര്‍ഢ്യവുമായി തൃശൂരില്‍ പ്രകടനം

മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിന് ഐക്യദാര്‍ഢ്യവുമായി തൃശൂരില്‍ പ്രകടനം. മുല്ലപ്പെരിയാര്‍ പൊളിച്ച് ജനജീവിതം സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന ‘സേവ് കേരള ബ്രിഗേഡി’ന്റെ തൃപ്രയാര്‍ എടമുട്ടം യൂണിറ്റാണ് തെരുവിലിറങ്ങിയത്. ‘ഞങ്ങള്‍ പൃഥ്വിരാജിനേയും അഡ്വ. റസ്സല്‍ ജോയിയേയും പിന്തുണയ്ക്കുന്നു, 50 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ?, കേരള ഗവര്‍ണര്‍ പറഞ്ഞിട്ടും ഡാം പണിയാത്തത് എന്തുകൊണ്ട്?, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാം പൊട്ടാതിരിക്കാം പൊട്ടിയാല്‍?, തമിഴ്‌നാട് ഈ തലമുറയുടെ വെള്ളക്കാരോ?’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം. തങ്ങള്‍ പൃഥ്വിരാജിന്റെ ആരാധകരല്ലെന്നും തമിഴ്‌നാട്ടില്‍ നടനെതിരെ പ്രതിഷേധം നടന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്നും സേവ് കേരള ബ്രിഗേഡ് പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഹാനടന്‍മാര്‍ ആരും ഇതിനേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അവരില്‍ നിന്ന് പ്രതികരണമില്ലാത്ത പക്ഷം, അവരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കും.

സേവ് കേരള ബ്രിഗേഡ്

ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ക്യാംപെയ്ന്‍ ഏറ്റെടുത്ത് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാര്‍ പൊളിച്ചുമാറ്റണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം തമിഴ്നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കി. തേനി ജില്ലാ കളക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. പൃഥ്വിരാജ് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചെന്ന് എഐഎഫ്ബി തേനി ജില്ലാ സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി ആരോപിച്ചു. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയ നടനെതിരെയും അഡ്വ. റസ്സല്‍ ജോയിക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും ഫോര്‍വേഡ് ബ്ലോക്ക് വ്യക്തമാക്കി. പൃഥ്വിരാജിനേയും മറ്റ് മലയാളി അഭിനേതാക്കളേയും തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി എംഎല്‍എ വേല്‍ മുരുകന്‍ ആവശ്യപ്പെട്ടു.

വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും 125 വര്‍ഷം കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണവ്യവസ്ഥയെ വിശ്വസിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. ഭരണകൂടം വേണ്ട നടപടിയെടുക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും നടന്‍ പറഞ്ഞു.

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള അനക്‌സ് ഇടുക്കി വിത്ത് ടിഎന്‍ എന്ന ഹാഷ്ടാഗില്‍ നിരവധി പ്രതികരണങ്ങള്‍ ട്വിറ്ററിലെത്തുന്നുണ്ട്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം ഹാഷ്ടാഗ് മലയാളി സെലിബ്രിറ്റികളടക്കം ഏറ്റെടുത്ത് പ്രതികരണങ്ങള്‍ തുടരവെയാണിത്.