തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. സുപ്രീംകോടതി എന്ത് നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത് എന്ന കാര്യം പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ചുചേര്‍ക്കുകയും ഉത്തരവിറക്കുകയുമായിരുന്നു എന്നാണ് വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ നല്കിയ ഔദ്യോഗിക വിശദീകരണം. ഈ വിശദീകരണത്തില്‍ സര്‍ക്കാര്‍ തൃപ്തി അറിയിച്ചോ എന്നകാര്യത്തില്‍ വ്യക്തതയില്ല. സുപ്രീംകോടതി ഉത്തരവ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ച്ച യോഗത്തിന്റെ മിനുട്സ്, മരവിപ്പിച്ച ഉത്തരവ് എന്നിവ നിയമവിദഗ്ധര്‍ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഉത്തരവ് അന്തിമമായി റദ്ദാക്കുകയാണോ സുപ്രീംകോടതിയെ സമീപിക്കുകയാണോ തുടങ്ങിയ കാര്യങ്ങളിലും നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉത്തരവിറക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ആലോചിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥര്‍ എടുത്തതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
എന്നാല്‍, ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെത്തന്നെ സംഭവിച്ചതാണെന്ന ആരോപണം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. അനുമതി നല്‍കിയത് സര്‍ക്കാരിന് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഉത്തരവ് സംബന്ധിച്ച് എല്ലാ തെളിവുകളും കോണ്‍ഗ്രസിന്റെ പക്കലുണ്ട്. ആവശ്യം വന്നാല്‍ അത് വെളിപ്പെടുത്തും. തമിഴ്നാടിന് ഇത് കുടിവെള്ളത്തിന്റെ പ്രശ്നമാണെങ്കില്‍ കേരളത്തിന് നിലനില്പ്പിന്റെതന്നെ പ്രശ്നമാണ്. കേരളത്തിന്റെ നിലപാടുകളെ സര്‍ക്കാര്‍ ഒറ്റുകൊടുക്കുകയാണെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സുധാകരന് ആരോപിച്ചു.