മരംമുറി ‘മരവിപ്പിച്ചു’; ഉദ്യോഗസ്ഥരെ തള്ളി പുതിയ ഉത്തരവ്, മൂന്ന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: ബേബിഡാം ബലപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ തമിഴ്‌നാടിന് നല്‍കിയ അനുമതി മരവിപ്പിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. അനുമതി ചട്ടങ്ങള്‍ പാലിക്കാതെയാണ് എന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. മരം മുറിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഫോറസ്റ്റ് പ്രിന്‍സിപല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ പരിസരത്തുള്ള മരംമുറിക്കലുകള്‍ക്ക് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അനുമതി മതിയെന്നായിരുന്നു വനംവകുപ്പ് ഞായറാഴ്ച നല്‍കിയ വിശദീകരണം. ഈ വാദങ്ങള്‍ തള്ളിയാണ് പ്രിന്‍സിപല്‍ സെക്രട്ടറിയുടെ ഇടപെടല്‍. മരംമുറിക്കലിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെയും വൈല്‍ഡ്‌ലൈഫ് ബോര്‍ഡിന്റെയും അനുമതി ആവശ്യമാണെന്നാണ് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.

സംഭവത്തില്‍ സംസ്ഥാന വനം-ജലവിഭവ സെക്രട്ടറിമാരില്‍നിന്ന് സര്‍ക്കാര്‍ ഇന്ന് വിശദീകരണം തേടും. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും.

വനംവകുപ്പിന്റെ പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്ററും വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസിനെതിരെയാവും നടപടിയുണ്ടാവുക. സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയതെന്നാണ് ബെന്നിച്ചന്‍ സര്‍ക്കാരിന് നല്‍കിയ വിശദീകരണം. മുല്ലപ്പെരിയാര്‍ നിരീക്ഷണ സമിതിയിലെ കേരളത്തിന്റെ പ്രതിനിധി കൂടിയായ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ജെ ജോസ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ബെന്നിച്ചന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ടി.ജെ ജോസിനെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

മുല്ലപ്പെരിയാറിന്റെ ബേബിഡാം ബലപ്പെടുത്തുന്നതിനായി പ്രദേശത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നിത് തമിഴ്‌നാടിന് അനുമതി നല്‍കിയ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഉത്തരവാണ് വിവാദമായത്. അനുമതി നല്‍കിയതില്‍ കേരളത്തെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഉത്തരവ് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് ആരോപിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രനും രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ വിഷയത്തിലിടപെടുകയും ഉത്തരവിറക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുമായിരുന്നു. ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.