തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നെന്ന് സൂചന. പാര്‍ട്ടി നേരിട്ട തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്നും മുല്ലപ്പള്ളി പറയുന്നു.
പാര്‍ട്ടിയെ ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ രാജിവെക്കും. തന്റെ നിലപാട് ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എഐസിസി ഇത്രത്തോളം ഇടപെട്ട ഒരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്വമാണുള്ളത്. പക്ഷേ, തന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കിവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം പരസ്യമാക്കിയിരിക്കുകയാണ് പല നേതാക്കളും നമുക്കിനിയും ഒരു ഉറക്കം തൂങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. നിരവധിപേര്‍ ഹൈബിയുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. മുല്ലപ്പള്ളി പിന്നില്‍ നിന്ന് കുത്തിയെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി രഘുനാഥും ആരോപിക്കുന്നു.
എന്നാല്‍ ഇപ്പോഴത്തെ തോല്‍വിയില്‍ നേതാക്കള്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമുണ്ട് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുല്ലപ്പള്ളി. ‘എപ്പോള്‍ വേണമെങ്കിലും താന്‍ സ്ഥാനമൊഴിയാം. ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചാല്‍ മതി. എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞുപോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല’, മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.
മുല്ലപ്പള്ളിയെ മാറ്റുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അസം തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ പിസിസി അധ്യക്ഷന്‍ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെച്ചിരുന്നു. അതേരീതി മുല്ലപ്പള്ളിയും തുടരണമെന്നാണ് എഐസിസിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.