‘മത്സരിക്കാതിരുന്നത് കാലുവാരല്‍ പേടിച്ച്, ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ തകര്‍ത്തത്’; സോണിയ ഗാന്ധിക്ക് മുല്ലപ്പള്ളിയുടെയും കത്ത്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണ്. ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്നും മുല്ലപ്പള്ളി കത്തില്‍ തുറന്നടിച്ചു.

ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു. തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. രാജി സന്നദ്ധത അറിയിച്ചതുകൊണ്ടാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കത്തില്‍ മുല്ലപ്പളളി വ്യക്തമാക്കി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി നിയമിച്ചത് തിരിച്ചടിയായെന്നതടക്കമുള്ള കാര്യങ്ങളാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത്. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

Also Read: ‘ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു, ഹിന്ദു വോട്ടുകള്‍ നഷ്ടമായി’; സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ രമേശ് ചെന്നിത്തല

ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷെ ഒരു പരാതിക്കും ഇടകൊടുക്കാതെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയാണ് താന്‍ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും കത്തിലുണ്ട്.

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തെ തന്നെ പറയാമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

Also Read: ആര്‍എസ്പിയില്‍ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോണ്‍; ‘രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല’

തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയായിരുന്നു.