സ്ഥാനമൊഴിയും മുമ്പ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കെപിസിസിയുടെ പടിയിറങ്ങുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് ശമ്പളത്തില്‍ വര്‍ധിപ്പിച്ചത്. കൊവിഡ് കാലത്ത് ജോലി ചെയ്തവര്‍ക്ക് നല്‍കിയ പാരിതോഷികത്തിന് പുറമെയാണിത്.

പുതിയ അധ്യക്ഷനെത്തുമെന്ന് ഉറപ്പിച്ച മുല്ലപ്പള്ളി സ്ഥാനമൊഴിയാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു. കെ സുധാകരനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഫീസിലെ ഗാന്ധി പ്രതിമയില്‍ വണങ്ങി പടിയിറക്കം. സുധാകരനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.

Also Read: കെപിസിസിയിലും ഡിസിസിയിലും അടിമുടി അഴിച്ചുപണിക്ക് എഐസിസി; ഇനി പുതിയ മുഖം, പുതിയ ടാര്‍ജറ്റും

പ്രവര്‍ത്തനകാലത്ത് എഐസിസിയില്‍നിന്നും മുല്ലപ്പള്ളി പ്രവര്‍ത്തന ഫണ്ട് ആവശ്യപ്പെട്ടിരുന്നില്ല. കേരള പര്യടന യാത്രയില്‍ സമാബരിച്ച തുകയില്‍നിന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. പാര്‍ട്ടി അധ്യക്ഷന് നല്‍കിയ വാഹനം തിരിച്ചേല്‍പിച്ച് സ്വന്തം അംബാസിഡര്‍ കാറിലായിരുന്നു മടക്കം. എംഎല്‍എ ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമായിരുന്നു മുല്ലപ്പള്ളിയുടെ യാത്രയയപ്പിനുണ്ടായിരുന്നത്.

സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും പാര്‍ട്ടിയാണ് ജീവനേക്കാള്‍ വലുതെന്നുമായിരുന്നു സ്ഥാനമൊഴിഞ്ഞതിന് തൊട്ടപിന്നാലെ മുല്ലപ്പള്ളി നടത്തിയ പ്രതികരണം.