‘സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറണം’; അന്ന് താന്‍ പറഞ്ഞത് സ്വന്തം പാര്‍ട്ടിക്കാര്‍പ്പോലും വിശ്വസിച്ചില്ലെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് മാറണമെന്ന് വിടവാങ്ങല്‍ ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അല്ലാതെ മുന്നോട്ടുപോകാനും ലക്ഷ്യത്തിലെത്താനും കഴിയില്ലെന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. പ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോയത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയിലുണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. വിശാല ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം എംപിമാരെ തെരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളം. ഒരുവര്‍ഷം കൂടി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല’, മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഐഎം-ബിജെപി വോട്ടുകച്ചവടം നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞു എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍പ്പോലും താന്‍ പറഞ്ഞത് വിശ്വസിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയായിരുന്നെന്ന് തെളിഞ്ഞു. സിപിഐഎമ്മും ആര്‍എസ്എസും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ധാരണയാണ് കേരളത്തില്‍ നടപ്പിലായത്. ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read: മുല്ലപ്പള്ളിയുടെ ഓഫീസ് സുധാകരന് വേണ്ട; എത്തുന്നത് ചെന്നിത്തലയുടെ ആ അടഞ്ഞ മുറിയിലേക്ക്

പ്രസിഡന്റ് സ്ഥാനം തന്നെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിട്ടായിരുന്നെന്നും മുല്ലപ്പള്ളി പറയുന്നു. കേന്ദ്രത്തിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് ഇനി തിരിച്ചു വരികയില്ല എന്ന് എല്ലാവരും വിധിയെഴുതിയ ആ ചരിത്രത്തിലെ വിഷമകരമായ സാഹചര്യമായിരുന്നു. അതു കൊണ്ട് തന്നെ ദൗത്യം വളരെ വലുതും പ്രതിസന്ധികള്‍ പ്രയാസമേറിയതുമായിരുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ ഒരു വ്യവസ്ഥ മാത്രമാണ് അഖിലേന്ത്യാ കോണ്‍ഗ്രസിനു മുന്നില്‍ താന്‍ വെച്ചത്.സമ്പൂര്‍ണമായ സഹകരണം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കണമെന്നായിരുന്നു അത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഈ നിമിഷം വരെ പരിപൂര്‍ണമായ സഹായ സഹകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.