ഒടുവില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെത്തി; മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷസ്ഥാനമൊഴിയുന്നു?

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയാനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയെന്ന് റിപ്പോര്‍ട്ട്. നേതൃമാറ്റം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി വരും ദിവസങ്ങളില്‍ത്തന്നെ രാജിവെച്ചേക്കും.

കെ സുധാകരന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. സുധാകരനാണ് പരിഗണനാ പട്ടികയില്‍ മുന്നിലുള്ളതെന്നാണ് വിവരം. സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ പിടി തോമസിനെയോ കെ മുരളീധരനെയോ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ചേക്കും.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി നേരത്തെ ന്യൂസ്‌റപ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവെക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതുവരെ മുല്ലപ്പള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്വമേധയാ ഉള്ള രാജി വൈകുകയാണെങ്കില്‍ രാജിക്ക് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുമെന്നും വിവരമുണ്ടായിരുന്നു.

Also Read: ‘കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ട്, എന്നെ പരിഗണിക്കാത്തത് യോഗ്യതയില്ലാത്തതുകൊണ്ടല്ല’; കൊടിക്കുന്നില്‍ സുരേഷ്

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ തല്‍സ്ഥാനമേല്‍പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഇതിനിടെ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യനാണെന്നും എന്നാല്‍ ദളിത് വിഭാഗത്തില്‍നിന്നൊരാളെ കേരളത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിട്ടുണ്ട്.