ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി പുതിയ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു എന്ന കേസിൽ നടന്റെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് കൊലപാത ഗൂഢാലോചനാ വകുപ്പ് കൂടി ചേർത്ത് പൊലീസ് കുരുക്ക് മുറുക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്ശന് ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു ഐപിസി 120 ബി പ്രകാരമുള്ള നിലവിലെ കേസ്. എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടനെതിരെ കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. പത്തുവർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണ് ഇപ്പോൾ ചുമത്തിയ ഐപിസി 302.
ദിലീപിനെതിരെ പുതിയ തെളിവുകൾ കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും ബൈജു കെ പൗലോസിന്റെയും മൊഴിയെടുത്തതിന് ശേഷമാണ് നടനെതിരെ വകുപ്പുകൾ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചു. ഹൈക്കോടതിയിലും ഇക്കാര്യം ഇന്ന് അറിയിക്കും. കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടുതവണ മാറ്റിവെച്ച ഹരജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
ബാലചന്ദ്രകുമാറാണ് ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് പദ്ധതിയിട്ടു എന്ന് സൂച്ചിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടത്. നടന്റെയും അജ്ഞാതനായ ഒരു വിഐപിയുടെയും സംഭാഷണം എന്ന തരത്തിലാണ് ശബ്ദരേഖ പുറത്തുവന്നത്. ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ശബ്ദരേഖയിൽ സംസാരിക്കുണ്ട്. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള് കാണേണ്ടി വരും’ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നതും എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖ ഇങ്ങനെ:
ദിലീപ്: അഞ്ച് ഉദ്യോഗസ്ഥന്മാര് നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്
വിഐപി: കോപ്പന്മാര് ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള് കാണേണ്ടി വരും.
ബൈജു കെ പൗലോസ് നൽകിയ പരാതിയിലിയാണ് ക്രൈം ബ്രാഞ്ച് നടനെതിരെ കേസെടുത്തത്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.