മലപ്പുറത്ത് ഒരു മയില്‍ മുട്ടയിട്ട കഥയാണ് ഇപ്പോള്‍ പ്രസിദ്ധമാവുന്നത്. മയില്‍ മുട്ടയിടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പക്ഷേ, മുട്ടയെ സംരക്ഷിക്കാന്‍ ഒരു പള്ളിക്കമ്മറ്റി പള്ളിപണി മാറ്റി വെക്കുന്നത് അപൂര്‍വമാണ്.
പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ജുമാ മസ്ജിദിലാണ് സംഭവം. പള്ളിയുടെ പുനര്‍നിര്‍മ്മാണ പണി നടക്കുകയാണിവിടെ. പണി പുരോഗമിക്കവെ, സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്ത് ഒരു മയില്‍ മുട്ടയിട്ട് അടയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ മുട്ട വിരിയുന്നതുവരെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാതൊരു നിര്‍മ്മാണവും നടത്തരുതെന്ന നിര്‍ദ്ദേശമാണ് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ നല്‍കിയിരിക്കുന്നത്.
2017ലും സമാനമായ സംഭവമുണ്ടായിരുന്നു. മലപ്പുറത്തോ കേരളത്തിലോ അല്ല. മറിച്ച് അങ്ങ് യുഎഇയില്‍. ദുബായിയില്‍ മരുഭൂമിക്കടുത്ത് ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനിടെയായിരുന്നു ഇത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിര്‍മ്മാണ പ്രവകര്ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പണികള്‍ നടക്കുന്നതിന്റെ തൊട്ടടുത്തായി മുട്ടകള്‍ക്ക് അടയിരിക്കുന്ന ഹൗബറ ബസ്റ്റാഡ് പക്ഷികളെ കണ്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പക്ഷിക്കും മുട്ടയ്ക്കും ഭീഷണിയാവുമെന്ന് മനസിലാക്കിയ അദ്ദേഹം, നിര്‍മ്മാണം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അടയിരിക്കുന്ന പക്ഷിയുടെ വീഡിയോ പങ്കുവെച്ച അദ്ദേഹത്തിന്റെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.