ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം ചീഫ് സെക്രട്ടറി; നിയമനത്തിന് പിന്നാലെ രാഷ്ട്രീയ മർമ്മരം

ബീഹാറിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ആമിർ സുബ്ഹാനിയെന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിൽ രാഷ്ട്രീയ ചർച്ചകളുയരുന്നു. നിതീഷിന്റെ ജെഡിയുവിനൊപ്പം ഭരണകക്ഷിയായി ബിജെപിയുമുള്ള ബിഹാറിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്‌ലിം ചീഫ് സെക്രട്ടറി തൽസ്ഥാനത്തെത്തുന്നത്. സുബ്ഹാനിയുടെ നിയമനം ബിജെപിക്കുള്ള രാഷ്ട്രീയ സന്ദേശമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകരുടെ വായന. നിയമനത്തിന്ന് ശേഷമുള്ള ജെഡിയു, ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ചർച്ചകൾക്ക് ഇന്ധനമാകുകയും ചെയ്യുന്നുണ്ട്‌.

മതത്തിന്റെ പേരിൽ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാത്ത ആളാണ്’ നിതീഷ് കുമാറെന്നും അതിനാലാണ് ഈ തീരുമാനമെന്നുമാണ് ജെഡിയു വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. ‘നിരവധി വർഷത്തെ അനുഭവ സമ്പത്തുള്ള സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ആമിർ സുബ്ഹാനി. അതേസമയം നിതീഷ് കുമാറിന്റെ ഈ മികച്ച തീരുമാനം പ്രതീകാത്മകം കൂടിയാണ്. ഇത് നൽകുന്ന വ്യക്തമായ സന്ദേശം നിതീഷ് കുമാർ മതത്തിന്റെയോ ജാതിയുടെയോ പേരിൽ യാതൊരു വിവേചനവും കാണിക്കില്ല എന്നതുകൂടിയാണ്,’ എന്ന് മുതിർന്ന ജെഡിയു നേതാവ് കെ.സി ത്യാഗി ദ പ്രിന്റിനോട് പറഞ്ഞു.

ബി.ജെ.പി തുറന്നടിച്ച പ്രതികരണങ്ങളിലേക്ക് പോയിട്ടില്ല. ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് തീർത്തും മുഖ്യമന്ത്രിയുടെ തീരുമാനമാണെന്ന് മാത്രം ബിജെപി പറഞ്ഞുവെക്കുന്നു. എൻഡിഎ ഭരിക്കുന്ന മറ്റൊരു സംസ്ഥാനങ്ങളിലും മുസ്‌ലിം ചീഫ് സെക്രട്ടറിമാരില്ല.

കെ.സി ത്യാഗിയുടെ രാഷ്ട്രീയ പരാമര്ശങ്ങളോട് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. ‘മുഖ്യമന്ത്രിക്ക് താൻ ഉദ്ദേശിക്കുന്ന ആരെയും ചീഫ് സെക്രട്ടറിയായി നിയമിക്കാം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല, എതിർപ്പും ഇല്ല,’ എന്നാണ് ബിഹാറിൽ നിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞത്.

2009ൽ നിതീഷ് കുമാർ സുബ്ഹാനിയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ 2014ൽ പിന്നീട് മുഖ്യമന്ത്രിയായ ജിതൻ റാം മഞ്ജി അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും മാറ്റി. വീണ്ടും നിതീഷ് അധികാരത്തിലെത്തിയപ്പോൾ സുബ്ഹാനിയെ ആഭ്യന്തര സെക്രട്ടറിയായി പുനർനിയമിച്ചു. അന്ന് ബിജെപി ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കൃത്യമായി നടക്കുകയാണെങ്കിൽ സുബ്ഹാനിയെ മാറ്റണമെന്ന് ബിജെപി നിലപാടെടുത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ മാറ്റിയിരുന്നു.

1987 ബാച്ച് ഐ.എ.എസ് ടോപ്പറാണ് ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള സുബ്ഹാനി. നിതീഷിന്റെ ഏറ്റവും വിശ്വസ്‌തനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം. 1990കളിൽ രൺവീർ സേനയും സിപിഐ-എംഎല്ലും തമ്മിൽ ജാതിസംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ഭോജ്പൂർ ജില്ലയുടെ മജിസ്‌ട്രേറ്റായിരുന്നു സുബ്ഹാനി. ഈ കലാപങ്ങൾ പരിഹരിച്ച് പേരെടുത്തതോടെ അദ്ദേഹം രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്തു. 2009 മുതൽ 2019 വരെയുള്ള സമയം ആഭ്യന്തര വകുപ്പിൽ കമ്മീഷണറായും അദ്ദേഹം ശ്രദ്ധേയനായി. ആഭ്യന്തര വകുപ്പ് മേധാവിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻ എന്ന ഖ്യാതിയും അദ്ദേഹത്തിനാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അദ്ദേഹം വികസന കംമീഷണറായി നിയമിതനായിരുന്നു.

നിതീഷ്‌കുമാറാണ് ഭരണകാര്യങ്ങളിൽ ആവസാനവാക്കെന്നത് വീണ്ടും തെളിയിക്കുന്നതാണ് സുബ്ഹാനിയെ നിയമിക്കാനുള്ള തീരുമാനം എന്നാണ് ത്യാഗി തുടർന്ന് പറയുന്നത്. സുപ്രധാനമായ സിവിൽ സർവീസ് തസ്‌തികയിൽ മുസ്‌ലിം പ്രാധിനിത്യം ഉണ്ടാകണമെന്നത് നിതീഷ് ഇപ്പോഴും ഉറപ്പുവരുത്തിയിരുന്നു എന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. അഴിമതിയാരോപണങ്ങളോ വിവാദങ്ങളോ ഇതുവരെ നേരിടാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.