കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി മുസ്ലിംലീഗ്. വിധി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് ലീഗ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗിന്റെ വാദം. സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടാണ്. സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കിട്ടുന്നതെന്ന് അന്നുമുതല്‍ ഉയര്‍ന്നുവരുന്ന ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ് വിധി വന്നിട്ടുള്ളത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് എംപി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇത് വരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.