ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേഷ വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുസ്ലിം ലീഗ്. പികെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിന് വേണ്ടി ഹര്‍ജി നല്‍കിയത്.
മതാടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചത് റദ്ദാക്കണമെന്നാണ് ആവശ്യം. അഡ്വക്കേറ്റ് ഹാരിസ് ബീരാന് മുഖേനയാണ് പികെ കുഞ്ഞാലിക്കുട്ടി ഹര്‍ജി സമര്‍പ്പിച്ചത്. 1955ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ലീഗ് വാദം.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലയെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് പറയുന്നു.
പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാല്‍ ഇപ്പോള്‍ കാണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഗുജറാത്ത്, രാജസ്ഥാന്. ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരമുള്ളത്.