ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് മുസ്‌ലിം ലീഗ്; തുടര്‍ച്ചയായ അച്ചടക്ക ലംഘനമെന്ന് വിശദീകരണം

കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിലുള്ള ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിടാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ്. രമ്യതയില്‍ പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് സംഘടനയെ പിരിച്ചുവിടാനുള്ള ലീഗ് തീരുമാനത്തിന് പിന്നില്‍.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കളോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹരിത നേതാക്കള്‍ തള്ളുകയായിരുന്നു. അതിനെ തുടര്‍ന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പിരിച്ചുവിടല്‍ തീരുമാനമുണ്ടായത്.

ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധി കഴിഞ്ഞതാണെന്നം പുതിയ കമ്മറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം പറഞ്ഞു.

പി.കെ നവാസ്, വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങള്‍ക്കിടെ നവാസും അബ്ദുള്‍ വഹാബും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം.

സംഘടന കാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവേ വേശ്യയ്ക്കും വേശ്യയുടെതായ ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ എന്നാണ് പരാമര്‍ശിച്ചതെന്ന് പരാതിയില്‍ പറയുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നു. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ഹരിതയുടെ ആരോപണങ്ങളാണ്.

അബ്ദുള്‍ വഹാബ് ഫോണില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കള്‍ ഒരു തരം പ്രസവിക്കാത്ത ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്.